പാകിസ്താൻ സൂപ്പർ ലീഗിൽ നിന്ന് താരങ്ങളെ വിലക്കി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. പിഎസ്എല്ലിനാെപ്പം മറ്റു ചില ഫ്രാഞ്ചൈസി ലീഗുകളിൽ പങ്കടുക്കുന്നതിനും ഇംഗ്ലീഷ് താരങ്ങൾക്ക് വിലക്കുണ്ട്. ടെലിഗ്രാഫാണ് വാർത്ത പുറത്തുവിട്ടത്. ഇംഗ്ലണ്ടിന്റെ പുതിയ നയ രൂപീകരണത്തിന് പിന്നാലെയാണ് തീരുമാനം. അതേസമയം ഇംഗ്ലണ്ട് താരങ്ങൾക്ക് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന ഐപിഎല്ലിൽ പങ്കെടുക്കുന്നതിന് അനുമതിയുണ്ട്. അഴിമതി സംശയിക്കുന്ന ലീഗുകളിൽ നിന്ന് താരങ്ങളുടെ സുരക്ഷയെ കരുതി വിലക്കുന്നുവെന്നാണ് വിശദീകരണം. രണ്ടു സമാന്തര ലീഗുകളിൽ പങ്കെടുക്കുന്നതിനും താരങ്ങൾക്ക് വിലക്കുണ്ട്.
ഉദാഹരണത്തിന് ഒരു ലീഗിൽ നിന്ന് തന്റെ ടീം പുറത്തായാൽ ആ താരത്തിന് മറ്റൊരു ലീഗിൽ പുതിയ ടീമിനായി കളിക്കാമായിരുന്നു. പുതിയ നയം മാറ്റത്തോടെ ഈ സൗകര്യം ഇല്ലാതാകും. ബോർഡുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഉൾപ്പടെയുള്ള കരാർ ഉള്ളവർക്കാണ് ഇത്തരം ലീഗുകളിൽ പങ്കെടുക്കുന്നതിന് വിലക്കുള്ളത്. ഇവർക്ക് എൻ.ഒ.സി നൽകില്ല. ആഗോള തലത്തിൽ ക്രിക്കറ്റിന്റെ സത്യസന്ധത സുരക്ഷിതമാക്കാനും നയം ഗുണം ചെയ്യുമെന്ന് ഇസിബി സിഇഒ റിച്ചാർഡ് ഗൗൾഡ് പറഞ്ഞു. ഇംഗ്ലണ്ടിന്റെ കരാറുള്ള 74 താരങ്ങളാണ് വിവിധ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുന്നത്.