ഗാന്ധിനഗർ: പാകിസ്താന് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ പിടികൂടി ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS). ദ്വാരകയിലെ തീരദേശ ടൗണിൽ നിന്നാണ് ചാരനെ പിടികൂടിയത്. സോഷ്യൽമീഡിയയിൽ സഹിമ എന്ന പേരിലാണ് ഇയാൾ ഇടപഴകിയിരുന്നതെന്നും പാകിസ്താനികൾക്ക് ഇന്ത്യൻ സേനകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ചോർത്തി നൽകാൻ ഇയാൾ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ദ്വാരക ജില്ലയിൽ നിന്ന് ദിപേഷ് ബി ബോഗൽ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ ഇന്ത്യൻ തീരദേശ സേനയെ (ICG) കുറിച്ചുള്ള വിവരങ്ങൾ ചോർത്താനായിരുന്നു ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.
ഫെയ്സബുക്കിൽ ‘സഹിമ’ എന്ന പേരിൽ യുവതിയെ പോലെ പെരുമാറി പല ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് വിവരങ്ങൾ ചോർത്തിയെടുക്കാനാണ് യുവാവ് ശ്രമിച്ചത്. വിവിധ ICG കപ്പലുകളുടെ നീക്കങ്ങളും അവയുടെ മറ്റ് വിശദാംശങ്ങളും ഫോട്ടോ സഹിതം പാകിസ്താൻ നേവിയിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് കൈമാറുകയായിരുന്നു പ്രതിയുടെ ദൗത്യം. ഇതിനായി പ്രതിദിനം 200 രൂപ വീതം അയാൾക്ക് ലഭിച്ചിരുന്നു.
ICG കപ്പലുകളുടെ റിപ്പയറിംഗ്, വെൽഡിംഗ് ജോലികൾ ചെയ്യുന്നയാളായിരുന്നു പ്രതി. കഴിഞ്ഞ മൂന്ന് വർഷത്തോളം ഇയാൾ ഇത്തരത്തിൽ ജോലി ചെയ്തിരുന്നു. ചാരപ്രവർത്തനത്തിലൂടെ ഇയാൾ 42,000 രൂപ സമ്പാദിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി യുവാവിനെ നിരീക്ഷിച്ച് വരിയായിരുന്നു ഗുജറാത്ത് എടിഎസ്. ഒടുവിൽ തെളിവുകൾ ശേഖരിച്ചതോടെയാണ് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തത്.