ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി താരതമ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ ശക്തമായി അപലപിച്ച് വിദേശകാര്യമന്ത്രാലയം. ജോ ബൈഡനെ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഓർമ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് മഹാരാഷ്‌ട്രയിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ പരിഹസിച്ചത്.
രാഹുലിന്റെ പരാമർശങ്ങൾ അമേരിക്കയുമായി ഇന്ത്യയ്‌ക്കുള്ള സൗഹൃദബന്ധത്തിന് ചേർന്നതല്ലെന്നും കേന്ദ്രസർക്കാരിന്റെ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ” ഇത്തരത്തിലുള്ള അപക്വമായ പരാമർശങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മാത്രമേ പറയാനാകൂ. ഇന്ത്യയും അമേരിക്കയും തമ്മിൽ നല്ലൊരു സൗഹൃദമാണുള്ളത്. അതിന് യോജിച്ചതല്ല ഇത്തരം പരാമർശങ്ങൾ. ഇതൊരിക്കലും കേന്ദ്രസർക്കാരിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നതല്ലെന്നും” രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്നതിന് വേണ്ടിയാണ് ജോ ബൈഡന്റെ പേരിൽ രാഹുൽ അധിക്ഷേപ പരാമർശം നടത്തിയത്. ” പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ എന്റെ സഹോദരി എന്നോട് പറഞ്ഞിരുന്നു. ഞങ്ങൾ എന്ത് പറഞ്ഞിട്ടുണ്ടോ അത് തന്നെയാണ് ആ പ്രസംഗങ്ങളിലെല്ലാം പ്രധാനമന്ത്രി ആവർത്തിക്കുന്നത്. ഒരുപക്ഷേ പ്രധാനമന്ത്രിയുടെ ഓർമ്മശക്തി നഷ്ടപ്പെട്ടിട്ടുണ്ടാകാം. അമേരിക്കൻ പ്രസിഡന്റിനും ഈ പ്രശ്‌നം ഉണ്ടായിരുന്നു. അദ്ദേഹത്തെ കാര്യങ്ങളെല്ലാം പിറകിൽ നിന്ന് ഓർമ്മപ്പെടുത്തണം. യുക്രെയ്ൻ പ്രസിഡന്റ് വന്നപ്പോൾ റഷ്യൻ പ്രസിഡന്റ് വന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ഓർമ്മ നഷ്ടപ്പെട്ടു. അതുപോലെ നമ്മുടെ പ്രധാനമന്ത്രിക്കും ഓർമ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു” രാഹുലിന്റെ പരാമർശം.