അമ്പലപ്പുഴ: ജി സുധാകരനെ ഒഴിവാക്കി സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനം. സമ്മേളനത്തിന്റെ എല്ലാ സെക്ഷനുകളിൽ നിന്നും ജി സുധാകരനെ പൂർണമായി ഒഴിവാക്കിയിരിക്കുകയാണ്. ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിലും മുതിർന്ന നേതാവായ ജി സുധാകരന് ക്ഷണമില്ല. ജി സുധാകരന്റെ പറവൂരിലെ വീടിന് തൊട്ടടുത്താണ് സിപിഎമ്മിന്റെ ഏരിയാ സമ്മേളനം നടക്കുന്നത്. 15 വർഷം അമ്പലപ്പുഴ മണ്ഡലത്തിലെ എംഎൽഎ കൂടിയായിരുന്നു ജി സുധാകരൻ.
സിപിഎമ്മിന്റെ ആലപ്പുഴയിലെ യുവനേതാവായ ടി ജെ ആഞ്ചലോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കള്ളറിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടാണെന്ന ആരോപണവുമായി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്റെ എംഎൽഎയും എംപിയുമായിരുന്ന ആഞ്ചലോസ് ഇപ്പോൾ സിപിഐ ജില്ലാ സെക്രട്ടറിയാണ്. 1998ലാണ് സിപിഎം ആഞ്ചലോസിനെ പുറത്താക്കിയത്. ആ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്ന സി എസ് സുജാതയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആഞ്ചലോസിനെതിരായ ആരോപണം.
ഇതിന്റെ പേരിൽ ആഞ്ചലോസിനെതിരെ കള്ള റിപ്പോർട്ട് കൊണ്ടുവന്നുവെന്നും, താൻ ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്നും ജി സുധാകരൻ ആരോപിച്ചിരുന്നു. സിപിഎമ്മിൽ പ്രായപരിധി നിബന്ധനയ്‌ക്കെതിരെയും ജി സുധാകരൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നേതൃത്വത്തിന് ഇതെല്ലാം വലിയ അവമതിപ്പ് ഉണ്ടാക്കിയിരുന്നു. പിന്നാലെയാണ് ജി സുധാകരന്റെ വീടിന് അടുത്ത് നടക്കുന്ന ചടങ്ങിലേക്ക് പോലും അദ്ദേഹത്തെ ക്ഷണിക്കാൻ സിപിഎം തയ്യാറാകാത്തത്.















