കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ സിപിഎം പൊട്ടിത്തെറിയിൽ സംസ്ഥാന നേതൃത്വം ഇടപെടാനൊരുങ്ങുന്നു. പ്രശ്‌നങ്ങൾ പാർട്ടിക്ക് തന്നെ വലിയ തലവേദനയായി മാറിയതോടെയാണ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെടാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത് എത്തും. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റി യോഗവും ചേരും.
കരുനാഗപ്പള്ളിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിശദീകരണം തേടിയ ശേഷം മറ്റു നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത. സംസ്ഥാന സമ്മേളനം നടക്കാനിരിക്കുന്നതിനാൽ കർശന നടപടിക്ക് സാധ്യതയില്ല. കരുനാഗപ്പള്ളിയിലെ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പരസ്യ പ്രതിഷേധവുമായാണ് ഇന്നലെ പ്രവർത്തകർ എത്തിയത്. വനിതകൾ അടക്കമുള്ള പ്രവർത്തകരാണ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തിയത്.
സ്ത്രീകളോട് മോശമായി പെരുമാറുന്ന നേതാക്കളാണ് പാർട്ടിയിൽ ഉള്ളതെന്നും നേതൃത്വത്തോട് പരാതിപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. അപമര്യാദയായി പെരുമാറിയവരെ നേതൃത്വം ഉന്നത സ്ഥാനങ്ങളിലേക്ക് കൊണ്ടുവരികയാണെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളിൽ കയ്യാങ്കളി ഉണ്ടായതിന് പിന്നാലെ ഉണ്ടായ പ്രതിഷേധം സിപിഎമ്മിന് വലിയ ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണ്.















