ചെന്നൈ : ചുഴലിക്കാറ്റായി മാറി ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം പുതുച്ചേരി തീരത്ത് കര തൊടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഫെംഗൽ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് നിലവിൽ ചെന്നൈയിൽ നിന്ന് 190 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ വേഗത കുറയുകയും മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇന്ന് ഉച്ചക്ക് ശേഷം പുതുച്ചേരിക്ക് സമീപം കാരയ്‌ക്കലിനും മാമല്ലപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് നിഗമനം.
ചുഴലിക്കാറ്റ് തീരം കടക്കുമ്പോൾ ചെന്നൈ ഉൾപ്പെടെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനു ശേഷം ശക്തി കുറഞ്ഞ് തമിഴ്‌നാടിനും കർണാടകയ്‌ക്കും മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. തദ്ഫലമായി ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ ആകമാനം മഴ കൂടാൻ സാധ്യതയുള്ളതായി വിദഗ്ധർ പറയുന്നു.
അതെ സമയം കൊടുങ്കാറ്റിനെ നേരിടാൻ തമിഴ് നാട്ടിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് പുതുച്ചേരി ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ അവരുടെ ബോട്ടുകളും ഉപകരണങ്ങളും ഉയർന്ന സ്ഥലത്തേക്ക് മാറ്റാനും കേടുപാടുകൾ തടയാനും നിർദ്ദേശം നൽകി.
ചുഴലിക്കാറ്റ് തീരം കടക്കുന്നതിന് മുമ്പ് ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം തുടങ്ങിയ ജില്ലകളിൽ മണിക്കൂറിൽ 70 കി.മീ. ശക്തമായ കാറ്റും മഴയും ഉണ്ടാകും. തീരം കടക്കുമ്പോൾ ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തീരദേശ ജില്ലകളിൽ മണിക്കൂറിൽ 90 കി.മീ. ശക്തമായ കാറ്റിനൊപ്പം ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുന്നതിനാൽ തമിഴ്‌നാട്ടിൽ തീരദേശ റോഡുകളിലെ പൊതുഗതാഗതം ശനിയാഴ്ച നിർത്തിവയ്‌ക്കും. പല ജില്ലകളിലും സ്‌കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പട്ട്, വില്ലുപുരം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവള്ളൂർ, റാണിപേട്ട്, തിരുവണ്ണാമല, കള്ളക്കുറിച്ചി, അരിയലൂർ. പുതുക്കോട്ട, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറ, കാരയ്‌ക്കൽ, പെരമ്പലൂർ എന്നിവിടങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.