പത്തനംതിട്ട: ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ വ്യത്യസ്ത പ്രതിഷേധവുമായി എബിവിപി.
കപ്പയും കാന്താരിയും വിളമ്പി പുഴുവില്ലാത്ത ഭക്ഷണമെന്ന പ്രചാരണത്തോടെയായിരുന്നു വ്യത്യസ്ത പ്രതിഷേധം. പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിലാണ് മാതൃകപരമായ പ്രതിഷേധം അരങ്ങേറിയത്. അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും കപ്പയും ചമ്മന്തിയും കഴിച്ച് പ്രതിഷേധത്തിന്റെ ഭാഗമായി.
സംഘടനാ പ്രവർത്തകരായ 20 കിലോ കപ്പയാണ് എത്തിച്ചത്. ആൺകുട്ടികൾ ക്യാമ്പസിൽ അടുപ്പുകൂട്ടിയാണ് കപ്പ പുഴുങ്ങിയത്. അക്രമസമരങ്ങളും പഠിപ്പുമുടക്കലുകളും കണ്ട് ശീലിച്ചവർക്ക് ഈ വേറിട്ട സമരം കൗതുകമുണർത്തി. ഇനി ഇത്തരത്തിലുള്ള അശ്രദ്ധ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചെന്ന് എബിവിപി അറിയിച്ചു. വിഷയത്തിന്റെ ഗൗരവം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് മാതൃകപരമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചതെന്നും എബിവിപി പ്രവർത്തകർ പറഞ്ഞു.
150-ലേറെ വിദ്യാർത്ഥികളാണ് കോളേജ് ഹോസ്റ്റലിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് പ്രാതലിന് വിളമ്പിയ സാമ്പാറിൽ നിന്ന് പുഴുവിനെ കണ്ടെത്തിയത്. ഇതിന് മുൻപും സമാന സംഭവങ്ങൾ ഹോസ്റ്റലിൽ നടന്നിട്ടുണ്ട്. നിലവാരമില്ലാത്ത ആഹാരമാണ് നൽകുന്നതെന്ന് നിരന്തരം പരാതിപ്പെട്ടിരുന്നെങ്കിലും പരിഹാരം കണ്ടെത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിഷേധം സംഘടിപ്പിക്കാൻ എബിവിപി മുന്നിട്ടിറങ്ങിയത്.















