അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം സുമതി വളവിന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് നടന്ന ചടങ്ങിൽ താരങ്ങൾ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഇതിനിടെ തന്റെ കരിയറിന്റെ വളർച്ചയെ കുറിച്ചുള്ള അഭിലാഷ് പിള്ളയുടെ ഹൃദയസ്പർശിയായ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.
തിയേറ്ററിലിരുന്ന് സിനിമ കാണുമ്പോൾ തന്റെ പേര് സ്ക്രീനിൽ എഴുതി കാണിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നും സുമതി വളവിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം സുമതി വളവിനെ കുറിച്ച് കേട്ട കഥകൾ ബിഗ്സ്ക്രീനിൽ എത്തിക്കുമെന്ന് താൻ ഉറപ്പിച്ചിരുന്നുവെന്നും അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു. വളർച്ചയിൽ തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് അഭിലാഷ് പിള്ള കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാകുന്നു. കടാവറിൽ തുടങ്ങി, ആനന്ദ് ശ്രീബാല കഴിഞ്ഞ് ഇന്ന് സുമതി വളവിൽ എത്തി നിൽക്കുന്നു. ആ 10 വർഷത്തെ യാത്ര. സിനിമയെ സ്നേഹിച്ച് തുടങ്ങിയ നാൾ മുതൽ തിയേറ്ററിലിരുന്ന് സിനിമ കാണുമ്പോൾ ഒരിക്കൽ എന്റെ പേരും ആ വലിയ സ്ക്രീനിൽ വരുമെന്ന് അന്നേ മനസിൽ ഞാൻ കുറിച്ചിരുന്നു.
സുമതി വളവ്, പലപ്പോഴും നിങ്ങളെ പോലെ ഞാനും പറഞ്ഞ് കേട്ട കഥകളിലെ സ്ഥലം. പലപ്പോഴും അതുവഴി യാത്ര ചെയ്തിട്ടുമുണ്ട്. അന്ന് കേട്ട കഥകൾ ഒരു നാൾ ബിഗ് സ്ക്രീനിൽ എത്തിക്കുമെന്ന് അന്നേ ഞാൻ ഉറപ്പിച്ചതാണ്. എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നിന് ഇന്ന് ഇവിടെ തുടക്കം കുറിക്കുകയാണ്. സിനിമയോടുള്ള എന്റെ ഇഷ്ടം കാരണം ജോലി ഉപേക്ഷിച്ച് ഇതിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ, ജീവിതത്തിലെ പ്രധാന നിമിഷങ്ങളിൽ എന്നെ ചേർത്ത് പിടിച്ചത് കുടുംബം.
എന്റെ ഗുരുക്കന്മാർ, പ്രൊഡ്യൂസേഴ്സ് സുഹൃത്തുക്കൾ. കടാവർ, നൈറ്റ് ഡ്രൈവ്, പത്താം വളവ്, മാളികപ്പുറം, ആനന്ദ് ശ്രീബാല ടീം, എല്ലാവരോടും ഒരുപാട് സ്നേഹം. എന്നും നിങ്ങൾ എന്നോട് കാണിച്ച സ്നേഹവും പ്രാർത്ഥനയും ഞങ്ങളുടെ സുമതി വളവിനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- അഭിലാഷ് പിള്ള കുറിച്ചു.