കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. രണ്ടേക്കാൽ കോടിയിലേറെ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. 7,920 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൊച്ചി കസ്റ്റംസ് യൂണിറ്റാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഫവാസിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഡിആർഐയുടെ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ബാങ്കോക്കിൽ നിന്നാണ് പ്രതി കഞ്ചാവുമായി എത്തിയത്. എയർ ഏഷ്യ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങുകയായിരുന്നു. ബാഗേജിന് അകത്ത് 17 കവറുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതിയെ അംഗമാലി കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.
രാജ്യാന്തരവിപണിയിൽ വലിയ ഡിമാൻഡുള്ളതും വീര്യമേറിയതുമായ കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. സാധാരണ കഞ്ചാവിനേക്കാൾ ലഹരിയും വിലയും കൂടുതലാണിതിന്. തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് കടത്താറുള്ളത്.















