ഉപയോഗിച്ച ഗർഭനിരോധന ഉറയും ചത്ത പാറ്റയും ഉപയോഗിച്ച് ഹോട്ടലുകളെ കബളിപ്പിച്ച 21 കാരൻ അറസ്റ്റിൽ. ഹോട്ടലിൽ ബില്ലിൽ നിന്ന് രക്ഷപ്പെടാനാണ് യുവാവ് വ്യത്യസ്തമായ തന്ത്രം പയറ്റിയത്. കിഴക്കൻ ചൈനയിൽ നിന്നുള്ള ജിയാങാണ് പിടിയിലായത്.
ഗർഭനിരോധന ഉറകളും ചത്ത പാറ്റയും മുടിയിഴകളും കയ്യിൽ കരുതിയാണ് യുവാവ് ഹോട്ടലിൽ എത്തുക. തുടർന്ന് ഇവയെല്ലാം റൂമിന്റെ വിവിധ ഭാഗങ്ങളിൽ ഇടും. തുടർന്ന് റൂം വൃത്തി പോരെന്ന് യുവാവ് പരാതി പറയും. ഹോട്ടലിൽ വൃത്തിയില്ലെന്നും മോശം സർവ്വീസാണെന്നും പറഞ്ഞ് യുവാവ് റിസപക്ഷനിൽ ചെന്ന് ബഹളം വെക്കും. കൂടാതെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇത് പ്രചരിക്കുമെന്ന് യുവാവ് ഭീഷണി മുഴക്കും. ഇതോടെ ഹോട്ടൽ ജീവനക്കാർ പണം നൽകണ്ടെന്നും നഷ്ടപരിഹാരം നൽകാമെന്നും പറഞ്ഞ് അനുനയിപ്പിക്കും. ഇതായിരുന്നു യുവാവിന്റെ സ്ഥിരം പരിപാടി.
കഴിഞ്ഞ 10 മാസത്തിനിടെ നിരവധി ഹോട്ടലുകളെയാണ് ഇയാൾ വിദഗ്ധമായി പറ്റിച്ചത്. ചിലപ്പോൾ ഒരു ദിവസം മൂന്നോ നാലോ വ്യത്യസ്ത ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യും. പല ഹോട്ടലുകളും തങ്ങളുടെ പ്രശസ്തി സംരക്ഷിക്കാൻ നഷ്ടപരിഹാരം നൽകി. ഓഗസ്റ്റ് 8 ന് ഒരു ഹോട്ടൽ മാനേജർ ജിയാംഗിനെതിരെ പരാതി നൽകിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്വേഷണത്തിൽ, ചത്ത പാറ്റകളും കോണ്ടവും അടങ്ങിയ 23 ഓളം പാക്കറ്റുകൾ പോലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം നവംബർ മുതൽ ജിയാങ് ഏകദേശം 380 ഹോട്ടലുകളിൽ താമസിച്ചിരുന്നു. നഷ്പരിഹാരമായി ലഭിച്ച പണം കൊണ്ട് ആഢംബര ജീവിതം നയിക്കുകയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.















