മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 141 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്സോ കോടതിയാണ് അപൂർവ വിധി പുറപ്പെടുവിച്ചത്. മലപ്പുറത്ത് വാടക കോട്ടേഴ്‌സുകളിൽ താമസിച്ചിരുന്ന തമിഴ്‍നാട് സ്വദേശി പെൺകുട്ടിയെ 12-ാം വയസുമുതൽ നിരന്തര പീഡനത്തിനിരയാക്കിയിരുന്നു. തടവിനുപുറമെ ഇയാൾ 7,85,000 രൂപ പിഴയും ഒടുക്കണം.
തമിഴ്‍നാട് സ്വദേശികളായ ദമ്പതികൾ മലപ്പുറത്തെ വാടക വീടുകളിലാണ് താമസിച്ചിരുന്നത്. അമ്മ വീട്ടുജോലിക്ക് പോയ സമയത്താണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നത്. പീഡന വിവരം പുറത്തുപറയാതിരിക്കാൻ ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒരിക്കൽ കൂട്ടുകാരിയുമൊത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ബലമായി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഈ വിവരം തന്റെ സുഹൃത്തിനോട് പറഞ്ഞു. കൂട്ടുകാരിയുടെ നിർദ്ദേശപ്രകാരം പെൺകുട്ടി അമ്മയെ പീഡനവിവരം അറിയിക്കുകയായിരുന്നു.
അമ്മയാണ് പൊലീസിൽ പരാതിനൽകുന്നത്. 2020 മുതൽ പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായിരുന്നതായി പൊലീസ് കണ്ടെത്തി. കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ 2022 ൽ അമ്മയോടൊപ്പം വിട്ട പെൺകുട്ടിയെ പ്രതി വീണ്ടും ഉപദ്രവിക്കുകയായിരുന്നു. കേസിൽ 12 സാക്ഷികളെയും 24 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.