കൊച്ചി: വഖ്ഫ് ബോർഡ് എന്നാൽ ഭീകരജീവിയാണെന്ന തരത്തിലുള്ള അവതരണം മാറേണ്ടതുണ്ടെന്ന് അബ്ദുൾ വഹാബ് എംപി. മുനമ്പത്തിലേത് മാനുഷിക പ്രശ്നമാണ്. അവിടെയുള്ള ആളുകൾക്ക് വേണ്ടത് ചെയ്തുനൽകണമെന്നാണ് വഖ്ഫ് ബോർഡിന്റെ ആഗ്രഹം. മുനമ്പം ഭൂമി പ്രശ്നത്തിൽ മനുഷ്യത്വത്തിന് പരിഗണന നൽകേണ്ടതുണ്ടെന്നും വഖ്ഫ് ബോർഡ് അംഗമായ അബ്ദുൾ വഹാബ് പറഞ്ഞു.
ബാബറി മസ്ജിദ് വിഷയം പോലെ കൊല്ലങ്ങളോളം ഇത് കൊണ്ടുനടക്കണം എന്നാഗ്രഹിക്കുന്ന ചുരുക്കം ചില ആളുകളുണ്ട്. മുനമ്പത്തെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകുക, താമസിക്കുന്ന ഭൂമിയിൽ അവർക്ക് നിയപരമായി അവകാശമില്ലെങ്കിൽ നിയമപരമാക്കി നൽകുക, എന്നീ കാര്യങ്ങൾക്കാണ് വഖ്ഫ് ബോർഡ് താത്പര്യപ്പെടുന്നത്.
അതിന് അനുസരിച്ചുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നുണ്ട്. അതൊക്കെ അങ്ങനെ പോകും.. ജനങ്ങളുടെ മനസിൽ വഖ്ഫ് ബോർഡ് എന്നാൽ എന്തോ ഒരു ഭീകരവസ്തുവാണെന്ന ഭീതിയുണ്ട്. അത് അകറ്റാൻ വഖ്ഫിനെ അറിയുന്നയാളുകൾ ശ്രമിക്കണമെന്നും അബ്ദുൾ വഹാബ് എംപി പറഞ്ഞു.