തൃശൂർ: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ. താൽക്കാലിക അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാർക്കാണ് ജോലി നഷ്ടമാകുക. പദ്ധതിയേതര വിഹിതത്തിൽ നിന്നും ആവശ്യമായ തുക ലഭിക്കാത്തതിനാൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വൈസ് ചാൻസലർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഡിസംബർ ഒന്ന് മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ താൽക്കാലിക അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനാണ് വൈസ് ചാൻസലർ നിർദ്ദേശിച്ചിരിക്കുന്നത്. സർവ്വകലാശാല രജിസ്ട്രാറും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. കലാമണ്ഡലത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നതാണ് നടപടി.
വിവിധ തസ്തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തതിനെ തുടർന്നാണ് സുഗമമായ നടത്തിപ്പിന് വേണ്ടി താൽക്കാലിക അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നത്. പിരിച്ചുവിട്ടവരിൽ 68 അദ്ധ്യാപകരാണുളളത്. ഇവരെ ഒഴിവാക്കുന്നതോടെ ക്ലാസുകൾ മുടങ്ങുന്ന സ്ഥിതി പോലും ഉണ്ടെന്ന് വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിക്കുന്നു. നൃത്ത- നൃത്തേതര കലാരംഗത്ത് പ്രശസ്തരായവരുൾപ്പെടെ താൽക്കാലിക അദ്ധ്യാപകരായി കലാമണ്ഡലത്തിൽ പഠിപ്പിക്കുന്നുണ്ട്.
എട്ടാം ക്ലാസ് മുതലാണ് കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം. 2006 മുതലാണ് ഡീംഡ് സർവ്വകലാശാല പദവി ലഭിച്ചത്. ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ വിദ്യാഭ്യാസം നടക്കുന്നത്. വാർത്ത പുറത്തുവന്നതോടെ വലിയ പ്രതിഷേധവും വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്.
കഴിഞ്ഞ മാർച്ചിൽ ജീവനക്കാരുടെ ശമ്പളം രണ്ട് മാസം മുടങ്ങിയതും വാർത്തയായിരുന്നു. ശമ്പളത്തിനും മറ്റ് ചിലവുകൾക്കുമായി പതിമൂന്നര കോടിയോളം രൂപയാണ് പ്രതിവർഷം വേണ്ടത്. എന്നാൽ ഗ്രാൻഡായി ഏഴര കോടിയോളം മാത്രമാണ് കിട്ടുന്നതെന്ന് കലാമണ്ഡലം അധികൃതർ നേരത്തെ പറഞ്ഞിരുന്നു.
സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുളള ചിലവുകൾ സർക്കാരിന്റെ ബാദ്ധ്യതയല്ലെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ നിലപാട്. സ്ഥാപനങ്ങൾ ഇതിനുളള പണം സ്വന്തം വരുമാനത്തിൽ നിന്ന് കണ്ടെത്തണമെന്നും ധനവകുപ്പ് വ്യക്തമാക്കിയിരുന്നു.















