ദുബായ്: നിഖിൽ കുമാറിന്റെ ഒറ്റയാൾ പോരാട്ടവും വിജയം കണ്ടില്ല. അണ്ടർ 19 ഏഷ്യാ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് 44 റൺസിന്റെ തോൽവി വഴങ്ങി ഇന്ത്യ. 282 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 47.1 ഓവറിൽ 237 റൺസിന് പുറത്തായി. 77 പന്തിൽ 67 റൺസെടുത്ത നിഖിൽ കുമാർ മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ അല്പമെങ്കിലും പോരാട്ടം വീര്യം കാട്ടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്താൻ ഷഹ്‌സൈബ് ഖാന്റെ സെഞ്ച്വറി കരുത്തിലാണ് 182 റൺസ് വിജയലക്ഷ്യം ഉയർത്തിയത്.
ഐപിഎൽ താരലേലത്തിലെ കോടിപതി13കാരൻ വൈഭവ് സൂര്യവംശി നേരിട്ട ഒൻപതാം പന്തിൽ ഒരു റൺസ് മാത്രമെടുത്ത് പുറത്തായി. ഓപ്പണറായിറങ്ങിയ ആയുഷ് മഹാരെ 20 റൺസെടുത്ത് മടങ്ങി. തുടക്കത്തിലേ തകർച്ചയിൽ നിന്നും കര കയറാനാകാതെ 40 ഓവറുകൾക്കിടയിൽ ഇന്ത്യ 9 വിക്കറ്റുകൾ നഷ്ടപ്പെടുത്തി. മലയാളിയായ മുഹമ്മദ് ഇനാൻ 22 പന്തിൽ 30 റൺസുമായി പോരാട്ടം തുടർന്നെങ്കിലും വീണുപോയി. മുഹമ്മദ് ഇനാനും യുധാജിത് ഗുഹയും ചേർന്ന് 48 റൺസിന്റെ അവസാന വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല. 22 പന്തിൽ 30 റൺസെടുത്ത മുഹമ്മദ് ഇനാനെ റണ്ണൗട്ടാക്കി പാകിസ്താൻ വിജയം ഉറപ്പിച്ചു.















