ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങളെ കീറിമുറിച്ച്, രൂക്ഷ വിമർശനവുമായി സിനിമാഗാന നിരൂപകൻ ടിപി ശാസ്തമംഗലം. വാഴ, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങിലെ പാട്ടുകളിലെ വരികൾ വികലമെന്നാണ് ശാസ്തമംഗലത്തിന്റെ വിമർശനം. എന്നാൽ ഇത്രയും തെറ്റുകൾ അക്കമിട്ട് നിരത്തി നിരൂപകൻ നടൻ സുരാജ് വെഞ്ഞാറമൂടിനെ വിശേഷിപ്പിച്ചത് സിറാജ് വെഞ്ഞാറമൂടെന്നാണ്. പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷത്തിനിടെയാണ് ടിപി ശാസ്തമംഗലത്തിന്റെ പരാമർശങ്ങൾ,
‘വാഴ’യിലെ ‘ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ’… എന്ന ഗാനം ഒരു നഴ്സറിക്കുട്ടിക്ക് എഴുതാമെന്നും ഇതിന് ഭാസകരൻ മാസ്റ്ററെ പോലൊരാൾ വേണ്ടെന്നും ശാസ്തമംഗലം പറയുന്നു. വായിൽക്കൊള്ളാത്ത എന്തൊക്കെയോ വിളിച്ചു പറയുകയാണെന്നും പറഞ്ഞു. പണ്ടെങ്ങാണ്ടോ ആരോ വാഴ വച്ചെ’ എന്ന ഗാനം എഴുതിയവർ ഭാസ്കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് നൂറ് തവണ തൊഴണമെന്നും വരികൾ അത്ര വികലമാണെന്നും തുറന്നടിച്ചു.
അതേസമയം പൃഥ്വി രാജും ബേസിൽ ജോസഫും അനശ്വരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലെ ഗാനത്തെയും നിരൂപകൻ കീറി മുറിക്കുന്നുണ്ട്. ‘പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി പടയ്‌ക്ക് നീ ഇറങ്ങി വന്നാൽ ജയിക്കുമല്ലോ പാവം അർജുനൻ.’ എന്ന വരി ഉദ്ദരിച്ച് ഗുരുവായൂരപ്പനെന്താ റൗഡിയാണോയെന്നും ഇയാൾ ചോദിക്കുന്നു. ഒരാളും ഇതിനെതിരെ ശബ്ദിച്ചില്ലല്ലോ? വെണ്ണക്കട്ട് കുടിക്കുകയാണോ കഴിക്കുകയാണോ! മാമനെ വധിച്ചവനെ..
കംസ വധം, നമ്മളൊക്കെ കംസ വധം എന്ന് പഠിച്ചിട്ടുണ്ട്. ഈ റാസ്ക്കൽ മാമൻ എന്നാണ് പറയുന്നത്. തിരുവനന്തപുരത്തുകാർ മാത്രമെ അങ്ങനെ പറയൂ.. കംസൻ കൃഷണന്റെ മാമനാണോ. അപ്പോ ഗുരുവായൂരപ്പൻ ഗുരുവായൂരിൽ നിന്ന് ഇവിടെ സിറാജ് വെഞ്ഞാറമൂടിന്റെ സ്ഥലത്ത് വന്ന് താമസമാക്കിയെന്ന് തോന്നും. —ഇതായിരുന്നു നിരൂപകന്റെ പരാമർശം. ഇതിൽ പരിഹാസവും വിമർശനവും പിന്തുണയുമായി നിരവധിപേർ കമന്റുകൾ പങ്കുവയ്‌ക്കുന്നുണ്ട്.















