ഇന്ന് ലോക എയ്ഡ്സ് ദിനം. എച്ച്ഐവി പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിനം. കഴിഞ്ഞ 33 വർഷമായി ഡിസംബർ ഒന്ന് എയ്ഡ്സ് ദിനമായി അനുസ്മരിക്കുന്നു.
ലോകമെമ്പാടും 1988 മുതൽ എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എയ്ഡ്സ് ദിനം ആചരിക്കുന്നത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കുക: എന്റെ ആരോഗ്യം, എന്റെ അവകാശം’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഓരോരുത്തരുടെയും അന്തസിനോടും ആരോഗ്യത്തോടുമുള്ള പ്രതിബദ്ധതയാണ് അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപം. പ്രതിരോധം, ചികിത്സ, പരിചരണം എന്നിവയ്‌ക്ക് തടസമായി നിൽക്കുന്ന വിവേചനത്തെയും സധൈര്യം നേരിടണമെന്നും ലോകാരോഗ്യസംഘടനയുടെ വെബ്സൈറ്റിൽ പറയുന്നു.
എയ്ഡ്സ് ദിനമെന്ന് കേട്ടാൽ തന്നെ ആദ്യം മനസിലേക്ക് എത്തുന്നത് ചുവന്ന റിബണായിരിക്കും. എന്തുകൊണ്ടാണ് അതെന്ന് ചിന്തിച്ചിട്ടണ്ടോ? എയ്ഡ്സിനെ കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചകമായാണ് അന്നേ ദിവസം ചുവന്ന റിബൺ അണിയുന്നത്.
ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV) മൂലമുണ്ടാകുന്ന രോഗമാണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (AIDS). വൈറസ് ശരീരത്തിൽ പ്രവേശിക്കുകയും പ്രതിരോധ ശേഷി തകരാറിലാക്കുന്നു. ഇതുവഴി അണിബാധകൾക്കെതിരെ പോരാടാൻ കഴിയാതെയാകുന്ന അവസ്ഥയെയാണ് എയ്ഡ്സ് എന്നുപറയുന്നത്. പ്രതിരോധ ശേഷി ക്രമേണ നഷ്ടപ്പെടുന്നതിനാൽ മാരക രോഗങ്ങൾ പിടിപ്പെടുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു.
പനി, ലിംഫ് ഗ്രന്ഥികളിൽ നീര്, തൊലി ചുവന്നു തടിക്കുക, തലവേദന, വായിലും ഗുഹ്യഭാഗത്തും വൃണങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിലെ ലക്ഷണങ്ങൾ. രോഗബാധിതർ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക, സിറിഞ്ച്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാൻ പാടില്ല, പല്ലു തേക്കുന്ന ബ്രഷ്, ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എയ്ഡിസിനെ തടയാം.
രോഗബാധയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുക, കുത്തിവെപ്പ് എടുക്കുമ്പോൾ സൂചി അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുക, രക്തം സ്വീകരിക്കുക തുടങ്ങിയ അവസരങ്ങളിലും എയ്ഡ്‌സ് ബാധയുള്ള അമ്മയുടെ രക്തം വഴിയോ, മുലപ്പാലിൽ വഴിയോ ശിശുവിലേക്കും അണുബാധ പകരാം. എന്നാൽ ഒന്നിച്ച് നടന്നാലോ മറ്റോ രോഗം പകരില്ല. അതുകൊണ്ട് തന്നെ എയ്ഡ് ബാധിതരെ ചേർത്ത് നിർത്താം…















