പാലക്കാട്: കൻമദം എന്ന ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രം മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. മഞ്ജുവിന്റെ കരിയറിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്ന് ആയിരുന്നു അത്. ലോഹിതദാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൻമദത്തിൽ കുന്നിൻമുകളിലെ മഞ്ജുവിന്റെ വീടും അതിന് ചുറ്റുമുളള പ്രദേശത്തിന്റെ വശ്യസൗന്ദര്യവും ഇന്നും മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്നുണ്ട്. 26 വർഷത്തിന് ശേഷം ആ ലൊക്കേഷനിലേക്ക് മഞ്ജുവാര്യർ വീണ്ടുമൊരു യാത്ര നടത്തി. പഴയ ഭാനുവിലേക്കുളള മടക്കം കൂടിയായിരുന്നു മഞ്ജുവിന് ഈ സന്ദർശനം.
‘എമ്പുരാൻ’ സിനിമയുടെ ഷൂട്ടിഗിന് പാലക്കാടെത്തിയപ്പോഴായിരുന്നു മഞ്ജുവിന്റെ യാത്ര.
സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളർ ആയ സിദ്ധു പനക്കൽ ആണ് ഇക്കാര്യം പങ്കുവെച്ചത്. മഞ്ജു ഇവിടെ നിൽക്കുന്ന ചിത്രങ്ങളും സിദ്ധു സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. കന്മദത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു സിദ്ധു.
എമ്പുരാൻ ഷൂട്ടിനിടയ്‌ക്കാണ് കന്മദം ഷൂട്ട് ചെയ്ത കവ എന്ന ലൊക്കേഷനിലേക്ക് സിദ്ധു പോയത്. ഇവിടെ നിന്ന് ചിത്രങ്ങളെടുത്ത് ഫേസ്ബുക്കിൽ ചെറിയ കുറിപ്പ് സഹിതം പോസ്റ്റ് ചെയ്യുകയും ചെയ്തു. മോഹൻലാലിന്റെയും മഞ്ജുവിന്റെയും കഥാപാത്രങ്ങളുടെ വികാരതീവ്രമായ ഡയലോഗും പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒരു സീനും ചിത്രീകരിച്ച സ്ഥലത്ത് നിന്നായിരുന്നു ചിത്രങ്ങൾ. ആ സീനിലെ ഡയലോഗുകളും ആ പ്രകൃതിഭംഗി ഉൾപ്പെടെ അത് ചിത്രീകരിച്ച ലോഹിയുടെ ഡയറക്ടർ ബ്രില്ല്യൻസും വിവരിച്ചായിരുന്നു പോസ്റ്റ്.
സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ ഈ പോസ്റ്റ് മഞ്ജുവിന് അയച്ചുകൊടുത്തു. തുടർന്നാണ് ആ ലൊക്കേഷൻ വീണ്ടും കാണണമെന്ന ആഗ്രഹം മഞ്ജു പ്രകടിപ്പിക്കുന്നത്.

മഞ്ജുവിന്റെ വീടായി ഷൂട്ട് ചെയ്ത വീടും, മാളച്ചേട്ടന്റെ വീടായി ഷൂട്ട് ചെയ്ത വീടും ഇന്ന് അവിടെയില്ല. മഞ്ജുവിന്റെ വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന ലാലേട്ടൻ നിൽക്കുന്ന ചെറിയ കുന്ന് ഇപ്പോൾ മഞ്ജുവിന്റെ വീട് നിന്നിരുന്ന സ്ഥലത്തു നോക്കിയാൽ കാണാനില്ല. കവുങ്ങും തെങ്ങും വളർന്ന് കാഴ്ച മറിച്ചിരിക്കുന്നു. ആ സീൻ എടുത്ത തെങ്ങും ചെറിയ തോടും അവിടെ ബാക്കിയുണ്ട്. ഭാനുവിന്റെയും വിശ്വനാഥന്റെയും കരസ്പർശമേറ്റ ആ തെങ്ങ്, ലോഹി സാറിന്റെ സ്റ്റാർട്ടും കട്ടും കേട്ട ആ തെങ്ങ്. സിദ്ധു കുറിച്ചു
മഞ്ജു ആദ്യം നായികയായി അഭിനയിച്ച സല്ലാപം എന്ന ചിത്രത്തിന്റെ കൺട്രോളറും സിദ്ധു പനക്കൽ ആയിരുന്നു. അന്നുമുതൽ ഇന്നുവരെ മഞ്ജുവും കുടുംബവുമായി മുറിഞ്ഞു പോകാത്ത ബന്ധമാണെന്ന് സിദ്ധു കുറിച്ചു.
കരിയറിലെ ഒന്നാംതരം വേഷങ്ങളിൽ ഒന്നായ കന്മദത്തിലെ ഭാനുവിനെയും ലോഹി സാറിനെയും ലാലേട്ടനെയും കന്മദത്തിന്റെ നിർമ്മാതാവ് സുചിത്രചേച്ചിയെ പറ്റിയൊക്കെ ഓർക്കാനും ആ ഓർമ്മകളിൽ 26 വർഷം പിറകോട്ട് സഞ്ചരിക്കാനുമൊക്കെ മഞ്ജുവിന് കഴിഞ്ഞിരിക്കും.















