തിരുവനന്തപുരം: ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. നെയ്യാറ്റിൻകര പുന്നക്കാട് ക്ഷേത്രത്തിലാണ് കാണിക്കാവഞ്ചി കുത്തിത്തുറന്ന് 10,000ത്തിൽ അധികം രൂപ കവര്‍ന്നത്. ഇന്നലെ രാത്രി അസം സ്വദേശിയാണ് മോഷണം നടത്തിയത്. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. ബാലരാമപുരം, പുന്നയ്‌ക്കാട് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്ന് അസം സ്വദേശി പണം കവരുകയായിരുന്നു. ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന കാണിക്കവഞ്ചിയാണ് കുത്തിതുറന്നത്. ക്ഷേത്രത്തിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ ഉപദേവതകളുടെ മുന്നിലുള്ള കാണിക്ക വഞ്ചിയാണ് മോഷ്ടാവ് കുത്തിത്തുറന്നത്.
നേരത്തെ പാറശാല പൊലീസ് ഇയാൾക്കെതിരെ മോഷണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 50,000 രൂപ വില മതിക്കുന്ന സാധനങ്ങൾ മോഷണം നടത്തിയ വകയിൽ ഉൾപ്പെട്ടിട്ടുണ്ട്. കാണിക്കവഞ്ചി തുറന്ന് 15,000 രൂപ മോഷ്ടിക്കുകയും ചെയ്തു. നിലവിളക്കുകൾ അടക്കമുള്ള പൂജാ സാധനങ്ങൾ മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















