മലപ്പുറം: വഖ്ഫ് ബോർഡ് കൈക്കലാക്കിയ ഗുരുവായൂർ ദേവസ്വം ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ. മലപ്പുറം പൊന്നാനിയിൽ കാഞ്ഞിരമുക്ക് തളി മഹാശിവക്ഷേത്ര ഭൂമിയാണ് വഖ്ഫ് ബോർഡ് കൈക്കലാക്കിയത്. ക്ഷേത്രഭൂമി തിരിച്ചുകിട്ടാൻ ഹിന്ദു ഐക്യവേദിയുടേ നേതൃത്വത്തിലാണ് പ്രക്ഷോഭം നടത്തുക.
നൂറ്റാണ്ടുകൾ പഴക്കമുള്ള തളി മഹാശിവക്ഷേത്രം നിലനിന്നിരുന്ന ഭൂമി ഇപ്പോൾ ഇസ്ലാം മതപരിവർത്തന സ്ഥാപനമായ മൗനത്തുൽ ഇസ്ലാം സഭയുടെ കീഴിലാണ്. സംഭവത്തിൽ നേരത്തെ തന്നെ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാനുള്ള നിയമപരമായ നടപടികളിലേക്ക് ഹിന്ദു ഐക്യവേദി കടന്നിരുന്നു. ഇത് കൂടാതെ ഹിന്ദു ഐക്യവേദി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ക്ഷേത്രഭൂമി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നത്.
പ്രക്ഷോഭത്തിനായി വിവിധ ഹിന്ദു സംഘടനകളുടെ യോഗം ചേർന്നു. 1918 -ലാണ് ക്ഷേത്രം തകർന്നത്. എന്നാൽ പിന്നീട് പൂജകളൊന്നുമില്ലാതെ ക്ഷേത്രം അനാഥമായി കിടക്കുകയായിരുന്നു. കാലങ്ങോളം കാടുകയറി കിടന്ന ഭൂമിയാണ് വഖ്ഫ് കൈക്കലാക്കിയത്. പിന്നീട് ഇത് മൗനത്തുൽ ഇസ്ലാം സഭയ്‌ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
വഖ്ഫ് ബോർഡ് കൈക്കലാക്കിയതിന് പിന്നാലെ ഇതിനെതിരെ പ്രദേശത്തെ നിരവധി ഹൈന്ദവ വിശ്വാസികൾ രംഗത്തെത്തിയിരുന്നു. പഞ്ചായത്തിനും പൊലീസിനും പരാതി നൽകുകയും പ്രവർത്തനം തടയാനുള്ള സ്റ്റോപ് മെമോ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെയാണ് മൗനത്തുൽ ഇസ്ലാം സഭ കെട്ടിടം നിർമിച്ചത്. അനുമതിയില്ലാതെയാണ് കെട്ടിടം നിർമിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.















