തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്ഐവി ബാധിതർക്കുള്ള ധനസഹായം മുടങ്ങിയിട്ട് ഒമ്പത് മാസമായെന്ന് വിവരാവകാശ രേഖ. 2023 നവംബറിലാണ് അവസാനമായി ധനസഹായം നൽകിയത്. 1000 രൂപയാണ് എച്ച്ഐവി ബാധിതർക്ക് നൽകുന്നത്. എന്നാൽ കഴിഞ്ഞ ഒമ്പത് മാസമായി അത് മുടങ്ങികിടക്കുകയാണ്.
എയ്ഡ്സ് ദിനാചരണം നടക്കുമ്പോഴും എച്ച്ഐവി ബാധിതരെ സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. ഇവരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ്. എച്ച്ഐവി ബാധിതരെ പുനരധിവസിപ്പിക്കുക എന്നതാണ് എയ്ഡ്സ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ സംസ്ഥാനത്തെ എച്ച്ഐവി ബാധിതർ ഇന്ന് വളരെയധികം കഷ്ടത അനുഭവിക്കുകയാണ്. ഇതിനെതിരെ എച്ച്ഐവി ബാധിതരുടെ സംഘടന പ്രതിഷേധത്തിന് ഒരുങ്ങുന്നുണ്ട്.
എല്ലാ മാസവും 100 ഓളം പേർ എച്ച്ഐവി ബാധിതരാകുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം ലഭിക്കുന്ന മുറയ്‌ക്ക് മാത്രമേ ധനസഹായം നൽകാൻ സാധിക്കുകയുള്ളൂവെന്ന് എയിഡ്സ് കൺട്രോൾ സൊസൈറ്റി അറിയിച്ചു.















