കൊച്ചി: ഓർഗനൈസർ വാരികയ്‌ക്കെതിരെ പിഎഫ്ഐ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെയാണ് പിഎഫ്ഐ മാനനഷ്ടക്കേസ് നൽകിയത്. കേസ് റദ്ദാക്കിയ കോടതി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യത്തെ നിരോധിത സംഘടനയാണെന്നത് ഒരു വസ്തുതയാണെന്ന് നിരീക്ഷിച്ചു.
കേസിനെതിരെ ഓർഗനൈസർ നൽകിയ ഹർജിയിലായിരുന്നു കോടതി വിധി. ഹർജിക്കാർ പ്രസിദ്ധീകരിച്ച ലേഖനം കോടതി പരിശോധിച്ചു. 2017 സെപ്റ്റംബർ 17-ന് പ്രസിദ്ധീകരിച്ച “പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ” (PFI) – ദി യൂഷ്വൽ സസ്പെക്ട് എന്ന ലേഖനത്തിൽ നിരോധിത സിമിയുടെ പുതിയ അവതാരമാണ് PFI എന്ന് പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്ന ലവ് ജിഹാദ് കേസുകളിൽ അകപ്പെട്ടതുൾപ്പെടെയുള്ള സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ PFI നിരോധിച്ചതെന്നും ലേഖനത്തിൽ തെറ്റൊന്നും കണ്ടെത്താനായില്ലെന്നും കോടതി പറഞ്ഞു. നിരോധിത സംഘടനകൾക്ക് നിയമപരമായ സ്ഥാപന പദവി ഇല്ല. അതുകൊണ്ടുതന്നെ ഹർജിക്കാർക്കെതിരായ മാനനഷ്ടക്കേസും നിലനിൽക്കില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വിധിച്ചു.















