കണ്ണൂർ: വളപട്ടണം മോഷണ കേസിൽ പ്രതിയെ പിടികൂടി പൊലീസ്. മോഷണം നടന്ന വീടിന്റെ അയൽപ്പക്കത്ത് താമസിക്കുന്ന ലിജീഷാണ് പിടിയിലായത്. വളപട്ടണത്ത് വ്യവസായിയുടെ വീട്ടിൽ നിന്ന് ഒരു കോടിയിലധികം രൂപയും 300 പവൻ സ്വർണവും കവർന്നത് അയൽവാസി ലിജീഷാണെന്ന് പൊലീസ് വെളിപ്പെടുത്തി. മാദ്ധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ച പൊലീസ് തൊണ്ടിമുതലും പ്രദർശിപ്പിച്ചു. വിവിധ ചാക്കുകളിലായി പണവും പ്ലാസ്റ്റിക് കവറുകളിലാക്കിയ സ്വർണവുമാണ് പൊലീസ് പ്രദർശിപ്പിച്ചത്.
മോഷണമുതൽ വീട്ടിൽ കട്ടിലിനടിയിൽ പ്രത്യേക അറയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു. പ്രതി ലിജീഷ് വെൽഡിംഗ് തൊഴിലാളിയാണ്.
സംസ്ഥാനത്ത് വീട് കുത്തിത്തുറന്ന് നടത്തിയ ഏറ്റവും വലിയ കവർച്ചയായിരുന്നു വളപട്ടണം കവർച്ച. നവംബർ 20-നായിരുന്നു സംഭവം. മുക്കാൽ മണിക്കൂറിനുള്ളിൽ മോഷ്ടിച്ച് പുറത്തുകടക്കുകയും ചെയ്തു. മോഷണം നടത്തുന്നതിനിടെ വീടിനുള്ളിലെ ഒരു സിസിടിവി ക്യാമറ പ്രതി തിരിച്ചുവച്ചിരുന്നു. അപ്രതീക്ഷിതമായി അതിൽ നിന്ന് ലഭിച്ച ദൃശ്യമാണ് കേസിൽ നിർണായകമായത്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ വിരലടയാള പരിശോധനയിൽ ലിജീഷ് തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതി കുറ്റ മ്മതം നടത്തുകയും ചെയ്തു. നേരത്തെ നടന്ന മറ്റൊരു മോഷണക്കേസിലും ലിജീഷിന് പങ്കുണ്ടെന്ന് വിരലടയാള പരിശോധനയിലൂടെ വ്യക്തമായി. ഒരു വർഷം മുൻപ് കണ്ണൂർ കീച്ചേരിയിലെ വീട്ടിൽ നടന്ന മോഷണത്തിലാണ് ലിജീഷിന് പങ്കുള്ളത്.
അന്വേഷണത്തിന്റെ ഭാഗമായി 100ഓളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. 75 പേരുടെ വിരലടയാളം പരിശോധിച്ചു. സമാന കുറ്റകൃത്യം നടത്തിയിട്ടുള്ള ആളുകളെ കുറിച്ചും അന്വേഷണം നടത്തി. ഇതിനിടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മോഷണം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രം പ്രതി കത്തിച്ച് കളഞ്ഞിരുന്നു. ലിജീഷിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ IPS ആണ് വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്.