ന്യൂയോർക്ക്: അനധികൃതമായി തോക്ക് കൈവശം വച്ചതിനും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിയമത്തെ ദുരുപയോഗം ചെയ്യുന്ന തീരുമാനമെന്നുമാണ് ജോ ബൈഡന്റെ പ്രസ്താവനയോട് ട്രംപ് പ്രതികരിച്ചത്.
ഹണ്ടറിന് ജോ ബൈഡൻ നൽകിയ ഇളവിൽ ജെ-6 തടവുകാരും ഉൾപ്പെട്ടിട്ടുണ്ടോ എന്നും നിയമത്തെ വെല്ലുവിളിക്കുന്നതും ദുരുപയോഗം ചെയ്യുന്നതുമായ തീരുമാനമാണ് ബൈഡൻ കൈക്കൊണ്ടതെന്നും ട്രംപ് പറയുന്നു. 2021ൽ ബൈഡന്റെ വിജയത്തിന് പിന്നാലെ ക്യാപിറ്റോൾ ഹില്ലിൽ നടന്ന ആക്രമണത്തിൽ തടവിലാക്കപ്പെട്ടവരെയാണ് ജെ-6 തടവുകാർ എന്ന് വിശേഷിപ്പിക്കുന്നത്. ഡോണൾഡ് ട്രംപ് അധികാരമേറ്റാലുടൻ തന്നെ ഈ കേസുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്നവരെയെല്ലാം വെറുതെ വിടുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
2018ൽ നിയമവിരുദ്ധമായി റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ഹണ്ടറിനെതിരായ കേസ്. ലഹരിമരുന്ന് ഉപയോഗിക്കില്ലെന്ന തെറ്റായ പ്രസ്താവന നൽകിയെന്നും, വ്യാജരേഖ തയ്യാറാക്കി തോക്ക് കൈവശം വച്ചു എന്നതുൾപ്പെടെയുള്ള മൂന്ന് കുറ്റങ്ങൾ ഹണ്ടറിനെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ആദ്യമായാണ് യുഎസിൽ അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ മകൻ ക്രിമിനൽ കേസിൽ കുറ്റക്കാരനായത്. മകനെ വേട്ടയാടിയത് തന്നെ ലക്ഷ്യമിട്ടാണെന്നും, ഒരു പിതാവെന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലും ഈ തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് അമേരിക്കയിലെ ജനതയ്‌ക്ക് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജോ ബൈഡൻ പറഞ്ഞിരുന്നു.















