ന്യൂഡൽഹി: ‘ദി സബർമതി റിപ്പോർട്ട്’ എന്ന ഹിന്ദി സിനിമ കാണാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെൻ്റ് കോംപ്ലക്‌സ് ലൈബ്രറിയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് സിനിമ പ്രദർശിപ്പിക്കുക.
2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര ട്രെയിൻ കത്തിക്കലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് ദി സബർമതി റിപ്പോർട്ട്. വിക്രാന്ത് മാസെ, റിധി ദോഗ്ര, റാഷി ഖന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും എക്സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പൊള്ളയായ വ്യാഖ്യാനങ്ങളുടെ ആയുസ് പരിമിത കാലത്തേക്ക് മാത്രമാണെന്നായിരുന്നു മോദിയുടെ വാക്കുകൾ.
ഗോധ്രയിൽ 59 പേരുടെ മരണത്തിനിടയാക്കിയ സംഭവം ഗുജറാത്തിൽ വലിയ സംഘർഷങ്ങൾക്ക് കാരണമാവുകയും 1000-ത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് പ്രചരിച്ച നറേറ്റീവുകൾ ഗുജറാത്ത് സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്നതായിരുന്നു. എന്നാൽ ആരും സംസാരിക്കാതെ പോയ ഗോധ്ര കലാപം സിനിമയിലൂടെ ആവിഷ്കരിച്ചത് വഴി ഗുജറാത്തിലെ സംഘർഷങ്ങൾക്ക് തുടക്കമിട്ട സാഹചര്യം ജനങ്ങളിലേക്കെത്തിക്കാൻ സാധിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്.















