ന്യൂഡൽഹി: തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ഉടൻ തന്നെ സെന്തിൽ ബാലാജിയെ തമിഴ്‌നാട്ടിൽ മന്ത്രിയായി നിയമിച്ചതിൽ സുപ്രീം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. അനധികൃത പണമിടപാട് കേസിൽ ജാമ്യം ലഭിച്ചതിന്റെ പിറ്റേന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് സാക്ഷികളെ സമ്മര്ദ്ദത്തിലാക്കുന്നില്ലേ എന്ന് സെന്തിൽ ബാലാജിയോട് സുപ്രീം കോടതി ചോദിച്ചു.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജി 471 ദിവസത്തെ ജയിൽ വാസത്തിന് ശേഷം നിലവിൽ ജാമ്യത്തിലാണ്. ജാമ്യം ലഭിച്ച് അടുത്ത ദിവസം തന്നെ മന്ത്രിയായി ചുമതലയേറ്റിരുന്നു.
അതിനിടെ സെന്തിൽ ബാലാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് വേഗത്തിലാക്കാൻ ഇയാളുടെ ഇരകളിലൊരാളായ വൈ.ബാലാജി സുപ്രീം കോടതിയിൽ ഹർജി നൽകി. സെന്തിൽ ബാലാജിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ കേസെടുത്തിട്ടില്ല എന്നും കേസ് വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയിൽ പ്രത്യേക ജഡ്ജിയെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ച് അടുത്ത ദിവസം ബാലാജി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതിനാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോൾ സെന്തിൽ ബാലാജി മന്ത്രിയായതിനാൽ അന്വേഷണത്തെ ബാധിക്കുമെന്ന് ഹർജിക്കാർ വാദിക്കുകയായിരുന്നു .
“ഹരജിക്കാരന്റെ പരാതി ന്യായമാണ്, ഇത്രയധികം കേസുകൾ കെട്ടിക്കിടക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ മന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകും? ഞങ്ങൾ ജാമ്യം നൽകിയതിന്റെ പിറ്റേന്ന് നിങ്ങൾ മന്ത്രിയായി ചുമതലയേറ്റത് എങ്ങനെ ന്യായീകരിക്കും…? എന്താണ്? ഇത് മന്ത്രിക്കെതിരെ കേസിലെ സാക്ഷികൾക്ക് മേൽ സമ്മർദ്ദം സൃഷ്ടിക്കില്ലേ?” കോടതി ചോദിച്ചു.
ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സെന്തിൽ ബാലാജിയുടെ ഭാഗത്തോട് ഉത്തരവിട്ട ജഡ്ജി വാദം കേൾക്കുന്നത് 13ലേക്ക് മാറ്റി.