കോഴിക്കോട്: കൊയിലാണ്ടി കൊല്ലംചിറയിൽ നീന്തുന്നതിനിടെ ഒഴിക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് സ്വദേശി നിയാസ് (19) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് നിയാസിന്റെ മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തുക്കൾക്കൊപ്പം ചിറയിൽ നീന്തുന്നതിനിടെയാണ് നിയാസിനെ കാണാതായത്. വൈകിട്ടായിരുന്നു സംഭവം. തുടർന്ന് മറ്റ് കുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും നിയാസിനെ കണ്ടുകിട്ടാത്തതിനെ തുടർന്ന് അഗ്നിശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ചു.
തുടർന്ന് കൊയിലാണ്ടി പൊലീസും അഗ്നിശമന സേനയും സ്‌കൂബാ ടീമും ചേർന്ന് നടത്തിയ തെരച്ചിലിലാണ് നിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. ആഴമുള്ള ചിറയാണിതെന്നും അപകടം നടക്കാനുള്ള സാധ്യത കൂടുതലാണെന്നും നാട്ടുകാർ പറഞ്ഞു. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൂടാടി മലബാർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് നിയാസ്.















