വൈവിധ്യമാർന്ന പരിപാടികളോടെ അൻപത്തിമൂന്നാം ദേശീയ ദിനം ആഘോഷിച്ച് യുഎഇ. സർക്കാരിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുന്നത്.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ദേശീയദിനാശംസകൾ നേർന്നു
1971 ഡിസംബര്‍ രണ്ടിനാണ് അബുദാബി , ദുബായ് , ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ ആറ് പ്രവിശ്യകള്‍ ചേര്‍ന്ന് യുഎഇ എന്ന രാജ്യമായത്. 1972 ഫെബ്രുവരി 10ന് റാസല്‍ഖൈമയും ചേര്‍ന്നതോടെ ഏഴ് എമിറേറ്റുകള്‍ രാജ്യത്തിന്‍റെ ഭാഗമായി.ഇതിന്റെ ഓർമ്മ പുതുക്കി യുഎഇയിൽ അൻപത്തിമൂന്നാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ അവിസ്മരണീയമാക്കുകയാണ് .യു. എ .ഇ. ദേശീയ പതാകയുടെ ചതുര്‍വര്‍ണ പ്രഭയാണ് രാജ്യമെങ്ങും. ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ വ്യോമ അഭ്യാസ പ്രകടനങ്ങളും വർണാഭമായ കരിമരുന്ന് പ്രയോഗവും നടന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ പ്രവാസികൾക്കും പൗരന്മാർക്കും സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിലൂടെ ആശംസകൾ നേർന്നു.യുഎഇയെയും ഇവിടുത്തെ പൗരന്മാരെയും താമസക്കാരെയും ഓർത്ത് അഭിമാനിക്കുന്നുവെന്ന് എക്‌സിലെ സന്ദേശത്തിൽ അദ്ദേഹം കുറിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിലെ ജനങ്ങൾക്ക് ദേശീയദിനാശംസകൾ നേർന്നു.വിവിധ ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ ദേശീയ ദിന റാലികളും നടന്നു.