ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയെ തുടർന്ന് പുതുച്ചേരിയിൽ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും കോളേജുകൾക്കും ഡിസംബർ 3 (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചതായി പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി എ. നമചിവായം അറിയിച്ചു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 5,000 രൂപ വീതം ദുരിതാശ്വാസ സഹായം നൽകുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി വ്യക്തമാക്കി.
മഴ കനത്തത്തിന് പിന്നാലെ പുതുച്ചേരിയിലെ 10,000 ഹെക്ടർ വിളകൾ നശിച്ചിരുന്നു. നാശനഷ്ടം നേരിട്ട കർഷകർക്ക് ഹെക്ടറിന് 30,000 രൂപ വീതം സർക്കാർ നൽകും. വെള്ളപ്പൊക്കത്തിന് പിന്നാലെ 50 ബോട്ടുകൾക്കാണ് കാര്യമായ കേടുപാടുകൾ സംഭവിച്ചത്. ബോട്ടുടമകൾക്ക് 10,000 രൂപയുടെ ദുരിതാശ്വാസ പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ഫലമായി വടക്കൻ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളിൽ അതിശക്തമായ മഴയായിരുന്നു ലഭിച്ചത്. കേരളത്തിലും മഴ ശക്തിപ്രാപിച്ചിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് കേരളത്തിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയാണ്. കാസർകോട്, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ ഫെംഗൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്‌ക്കും മുകളിൽ ന്യുനമർദമായി ശക്തി കുറഞ്ഞിരിക്കുകയാണ്. ഇത് അറബിക്കടലിലേക്ക് പ്രവേശിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിൽ ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.