ഇന്ത്യയുടെ സ്വപ്ന ദൗത്യമാണ് ഗഗൻയാൻ. വർഷങ്ങളായി ദൗത്യം പുരോഗമിക്കുകയാണ്. നാല് ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് ഭൂമിയുടെ 400 കിലോമീറ്റർ പരിധിയിൽ അയക്കുന്നതാണ് പദ്ധതി. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇവരെ സുരക്ഷിതമായി ഇറക്കുകയും ചെയ്യും. ഭാരതത്തിന്റെ ബഹിരാകാശ ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ദൗത്യം 2026 അവസാനത്തോടെ നടത്തുമെന്ന വിവരം പങ്കുവയ്‌ക്കുകയാണ് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്.
നാല് വർഷമായി ഗഗൻയാൻ പദ്ധതിക്കായി പ്രവർത്തിക്കുന്നു. റോക്കറ്റിന്റെ നിർമാണം പൂർത്തിയായി കഴിഞ്ഞു. മൂന്ന് ഘട്ട പരീക്ഷണ വിക്ഷേപണങ്ങൾക്ക് ശേഷമാകും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുക. ആദ്യത്തെ ആളില്ലാ പരീക്ഷണ പറക്കൽ 2025 ആദ്യത്തോടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജി1 ദൗത്യം ഈ ഡിസംബറിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം നീട്ടിവയ്‌ക്കുകയായിരുന്നുവെന്നും എസ്. സോമനാഥ് കൂട്ടിച്ചേർത്തു.
ആദ്യ വിക്ഷേപണത്തിൽ മനുഷ്യന് പകരം വ്യോമമിത്ര റോബോട്ടിനെ അയക്കും. മൂന്ന് പരീക്ഷണ വിക്ഷേപണങ്ങളും വിജയിച്ചാൽ 2026-ൽ വിക്ഷേപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ദൗത്യം വിജയിച്ചാൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഐഐടി ഗുവാഹത്തിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇസ്രോ ചെയർമാൻ.
മലയാളി ഉൾപ്പടെ ഗഗൻയാൻ ദൗത്യസംഘത്തിൽ നാല് പേരാണുള്ളത്. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ , വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരുടെ പേരുകൾ പ്രധാനമന്ത്രിയാണ് പുറത്തുവിട്ടത്. പ്രശാന്ത് ബാലകൃഷ്ണൻ നായരും ശുഭാൻഷു ശുക്ലയും നാസയുടെ കഠിന പരീശിലംന പൂർത്തിയാക്കിയിരുന്നു.
സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി ശുഭാൻശു ശുക്ല അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. ഭ്രമണ പഥത്തിൽ സഞ്ചരിക്കാനുള്ള പരീശീലനം, മൈക്രോ ഗ്രാവിറ്റി പരിശോധന തുടങ്ങിയവയാണ് അടുത്ത ഘട്ടത്തിൽ പരിശീലിക്കുക .