ഡിയോറിയ : മന്ത്രവാദത്തിന്റെ പേരിൽ സഹോദരന്റെ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ദമ്പതികൾ പിടിയിൽ. ഉത്തർപ്രദേശിലെ ഡിയോറിയയിൽ ഭട്‌നി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അവധേഷ് യാദവിന്റെ മകളായ 12 കാരിയാണ് കൊല്ലപ്പെട്ടത് ..ബന്ധുവിന്റെ വിവാഹത്തിന് എത്തിയതായിരുന്നു അവധേഷ് യാദവ്. അവധേഷിന്റെ സഹോദരൻ ശേഷനാഥ് യാദവും ഭാര്യ സബിതയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നവംബർ 27ന് രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അന്ന് അസ്വാഭാവിക മരണമായാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡിയോറിയ എസ്പി പറഞ്ഞു. എന്നാൽ ശേഷനാഥ് യാദവിന്റെയും ഭാര്യ സബിതയുടേയും പെരുമാറ്റത്തിൽ സംശയമുള്ള പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവത്തിന്റെ ദുരൂഹത പുറത്ത് വരികയായിരുന്നു.
തങ്ങളുടെ 22 വയസ്സുള്ള മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും , കന്യകയായ ഒരു പെൺകുട്ടിയെ ബലിയർപ്പിച്ചാൽ മകൻ സുഖം പ്രാപിക്കുമെന്നുമായിരുന്നു ഇവരുടെ വിശ്വാസം. ഇതിനായി ശേഷനാഥ് യൂട്യൂബിൽ നിന്ന് മന്ത്രം പഠിച്ചു. വിവാഹത്തിനായി ഭട്നിയിൽ എത്തിയപ്പോൾ, പെൺകുട്ടിയെ കണ്ടെത്തണമെന്നും, ബലിയർപ്പിക്കാനും പദ്ധതിയിട്ടിരുന്നു.
വീട്ടുകാരെല്ലാം വിവാഹചടങ്ങിന്റെ തിരക്കിലായിരുന്നപ്പോൾ ഇരുവരും പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തടഞ്ഞുനിർത്തി , അവസരം കിട്ടിയപ്പോൾ കഴുത്തറുത്ത് കൊലപ്പെടുത്തി . സംഭവത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം ഷാളിൽ പൊതിഞ്ഞ് വീടിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു.