ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷ്യ ഉത്പന്ന വിഭാഗമായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ഇനിമുതൽ പാക്ക് ചെയ്ത മിനറൽ വാട്ടർ നിർബന്ധിത പരിശോധനകൾക്കും മൂന്നാം കക്ഷി ഓഡിറ്റിനും വിധേയമായിരിക്കും.ഈ ഉൽപന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൽ (ബിഐഎസ്) നിന്ന് സർട്ടിഫിക്കേഷൻ വേണമെന്ന വ്യവസ്ഥ നീക്കം ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽപ്പെടുന്ന ഉൽപ്പന്നങ്ങൾക്ക് കർശനമായ സുരക്ഷാ നടപടികൾ ഉറപ്പാക്കാനാണ് തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർ, റീജിയണൽ ഡയറക്ടർമാർ, എഫ്എസ്എസ്എഐയുടെ സെൻട്രൽ ലൈസൻസിംഗ് അതോറിറ്റികൾ തുടങ്ങിയവർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷയെയും ശുചിത്വത്തെയും കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് അതോറിറ്റിയുടെ നടപടി. ഉപഭോക്താക്കളുടെ സുരക്ഷാ ഉഉറപ്പുവരുത്തുന്നതിനാണ് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. മോശം പാക്കേജിങ്, മോശം സ്റ്റോറേജിങ് എന്നീ വിഭാഗങ്ങളിൽ പെടുന്ന ഭക്ഷ്യ ഉത്പന്നങ്ങളാണ് ഹൈ റിസ്ക് കാറ്റഗറിയിൽ പെടുത്തുന്നത്. മിനറൽ വാട്ടർ കൂടാതെ പാൽ ഉത്പന്നങ്ങൾ, മത്സ്യം, മുറിച്ചുവച്ച പച്ചക്കറികൾ എന്നിവയെയും ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.















