നട്സ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ബദാം, പിസ്ത, കശുവണ്ടി, വാൾനട്ട്, എന്ന് തുടങ്ങി നിരവധി നട്സുകളാണുള്ളത്. നാരുകളുടെ ഉറവിടമാണ് നട്സ്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നു. ദഹന പ്രവർത്തനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും ഗുണങ്ങൾ നൽകുന്നു.
നട്സ് കുതിർത്ത് കഴിച്ചാൽ ഗുണമേറുമെന്നാണ് പറയുന്നത്. സത്യത്തിൽ ഇതിൽ വാസ്തവമുണ്ടോ? നട്സിൽ മഗ്നീഷ്യം, സെലനിയം, സിങ്ക് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. നട്സ് കുതിർത്തുമ്പോൾ പോഷകങ്ങളെ കൃത്യമായി ആഗിരണം ചെയ്യാൻ ശരീരത്തിന് സാധിക്കും. ദഹനം എളുപ്പമാക്കാനും കുതിർത്ത നട്സ് സഹായിക്കുന്നു. കുതിർക്കുമ്പോൾ നട്സിലെ ഫൈറ്റിക് ആസിഡ് കുറയും. തെലിപ്പുറത്തെ പാളിയിലെ ഫൈറ്റിക് ആസിഡ് നീക്കം ചെയ്യുന്നതിനാൽ കുതിർത്ത് കഴിക്കുന്നതാണ് മെച്ചം. രുചി കൂട്ടാനും കുതിർത്ത് കഴിക്കുന്നത് സഹായിക്കുന്നു. പ്രതിദിനം 6 മുതൽ 10 വരെ നട്സ് കഴിക്കുന്നത് നല്ലതാണ്.
ഞൊടിയിടയിൽ കഴിക്കാനാണെങ്കിൽ കുതിർക്കാത്ത നട്സ് ആകും തിരഞ്ഞെടുക്കുക. ആറ് മുതൽ എട്ട് മണിക്കൂറുകൾ വരെ കുതിർത്താൽ മാത്രമാണ് നട്സിലെ പോഷകങ്ങളെ ശരിയായ രീതിയിൽ ആഗിരണം ചെയ്യാൻ സാധിക്കൂ. രണ്ട് തരത്തിലുള്ള നട്സിലും അടങ്ങിയിട്ടുള്ള ഗുണങ്ങൾ ഒന്നു തന്നെയാണ്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് നട്സ്. കുതിർക്കുമ്പോൾ ഇവ വേഗത്തിൽ ആഗിരണം ചെയ്യാൻ സാധിക്കുന്നുവെന്ന് മാത്രം.