പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്നൊരു പ്രശ്നമാണ് ദഹനക്കേട്. ആഹാരം കഴിക്കാതിരുന്നാലും ചില ഭക്ഷണങ്ങൾ കഴിച്ചാലും ചിലർക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഗുളിക കഴിച്ചും മറ്റ് നുറുങ്ങുവിദ്യകളിലൂടെയും ഇത് മാറ്റുമെന്നല്ലാതെ ശാശ്വതമായൊരു പരിഹാരം കണ്ടെത്താൻ നമുക്ക് സാധിക്കാതെ വരുന്നു. തണുപ്പുകാലത്ത് ദഹനക്കേട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്. തണുപ്പുകാലങ്ങളിൽ കട്ടി കുറഞ്ഞ ആഹാരങ്ങൾ കഴിച്ചാൽ ഒരു പരിധി വരെ നമുക്ക് ദഹനപ്രശ്നങ്ങൾ ഒഴിവാക്കാം. ഇതിനായി ചില മാർഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ചെറുചൂട് വെള്ളം കുടിക്കുക
തണുപ്പുകാലത്ത് ചെറിയ ചൂടുള്ള വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ചെറുചൂട് വെള്ളം ആമാശയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനം സുഗമമാക്കുന്നതിന് ഉത്തമമാണ്.
ഇഞ്ചി ചായ
പൊതുവെ ദഹനപ്രക്രിയകൾക്ക് ഉത്തമമാണ് ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് പോലെ ഇഞ്ചിയിട്ട ചായ കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വളരെയധികം പ്രയോജനകരമാണ്. വയർ വീർക്കുന്നത് കുറയ്‌ക്കാൻ ഇഞ്ചി ചായ നല്ലതാണ്.
കട്ടി കുറഞ്ഞ ആഹാരങ്ങൾ കഴിക്കുക
തണുപ്പുകാലത്ത് കട്ടിയുള്ള ആഹാരങ്ങൾ കഴിക്കുന്നത് ദഹനപ്രക്രിയ തടസപ്പെടുത്തുന്നു. സുഗമമായ ദഹനത്തിന് ലഘുവായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്.
എണ്ണയും എരിവും നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കുക
കൊഴുപ്പ് കൂടിയതോ എരിവ് കൂടിയതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത് സുഗമമായ ദഹനത്തിന് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ എണ്ണ അമിതമായി അടങ്ങിയതും എരിവ് കൂടിയതും കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
വ്യായാമം
സുഗമമായ ദഹനത്തിന് വ്യായാമം ചെയ്യുന്നതും നല്ലതാണ്. യോഗ, സൂംബ, ഡാൻസ് എന്നിവ ആരോഗ്യത്തിനും ദഹനത്തിനും സഹായകരമാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.















