രാവിലെ ഭക്ഷണം കഴിച്ച് ഒരു 5 മിനിറ്റ് കഴിയുമ്പോഴേക്കും അടുത്ത ഭക്ഷണം എന്ത് കഴിക്കുമെന്ന ആലോചനയിലിരിക്കുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ ഉച്ചയ്‌ക്കും രാത്രിയിലും എന്ത് കഴിക്കുമെന്നും ആലോചിക്കുന്നവരുമാണോ? എങ്കിൽ കരുതിയിരുന്നോളൂ..
ഫുഡ് റുമിനേഷൻ അല്ലെങ്കിൽ ഫുഡ് നോയിസ്, ഫുഡ് പ്രീഒക്യുപേഷൻ എന്ന അവസ്ഥയിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഭക്ഷണം കഴിച്ച് കഴിഞ്ഞും അടുത്തത് എന്ത് ഭക്ഷണം കഴിക്കുമെന്ന് സ്ഥിരമായി ആലോചിക്കുന്ന അവസ്ഥയാണ് ഫുഡ് നോയിസ്. നിങ്ങൾക്ക് ഫുഡ് നോയിസ് ഉണ്ടോയെന്ന് എങ്ങനെ മനസിലാക്കാം? ലക്ഷണങ്ങൾ അറിയാം..
ഭക്ഷണത്തോടുള്ള അമിതമായ ഉത്കണ്ഠയാണ് ഫുഡ് നോയിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന്. എന്ത് ഭക്ഷണം കഴിക്കുമെന്ന് ആലോചിച്ച് സമ്മർദ്ദം, ഭക്ഷണം ഭാഗം വയ്‌ക്കുമ്പോൾ വലിയ ഭാഗം കിട്ടുമോയെന്ന് ഓർത്ത് ഉത്കണ്ഠ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഭക്ഷണത്തെ കുറിച്ച് സ്ഥിരമായി ദിവാസ്വപ്‌നം കാണുകയും വിശക്കാത്ത സമയങ്ങളിലും ഭക്ഷണത്തെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നവരിലും ഫുഡ് നോയിസ് എന്ന അവസ്ഥയുണ്ടായേക്കാം. ഡയറ്റിംഗ് ചെയ്യുന്നവരും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകാം. ഭക്ഷണങ്ങളിൽ നിയന്ത്രണം വയ്‌ക്കുമ്പോൾ നിരന്തരമായി വ്യത്യസ്ത പാചക രീതികൾ പരീക്ഷിച്ചു നോക്കണമെന്ന ചിന്ത നിങ്ങളിലുണ്ടാവുന്നു.
എങ്ങനെ പരിഹരിക്കാം..
എല്ലാ ദിവസവും കൃത്യമായ ഭക്ഷണ രീതി പിന്തുടരുകയാണ് ഇത് പരിഹരിക്കാനുള്ള മാർഗങ്ങളിലൊന്ന്. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. സാവധാനത്തിൽ ശ്രദ്ധയോടെ രുചി ആസ്വദിച്ച് കഴിക്കുക. ഒഴിവു സമയങ്ങൾ വിനോദങ്ങളിലും സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമൊപ്പം ചെവഴിക്കാൻ ശ്രമിക്കുക. ഇത് ഭക്ഷണത്തെ കുറിച്ച് അമിതമായി ഓർക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.















