ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് എഫ്‌ഐആർ. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചുവെന്നാണ് കേസ്.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ, മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ മാറ്റം വരുമെന്നും പൊലീസ് അറിയിച്ചു.
കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് യാത്രക്കാരുടെ മൊഴികൾ. കനത്ത മഴയും, കാറിന്റെ കാലപഴക്കവുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഡ്രൈവിംഗ് പരിചയ കുറവും കാറിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നതും അപകടത്തിന്റെ ആക്കം കൂട്ടിയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അപകടത്തിൽ മറ്റ് വിവരങ്ങൾ ശേഖരിച്ച ശേഷം ഡ്രൈവർക്കെതിരായ എഫ്‌ഐആറിൽ തിരുത്തലുകളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ആലപ്പുഴ ടിഡി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആയുഷ് ഷാജി (കോട്ടയം) ശ്രീദീപ് വത്സൻ (പാലക്കാട്), ബി. ദേവാനന്ദൻ (മലപ്പുറം), മുഹമ്മദ് അബ്ദുൾ ജബ്ബാർ (കണ്ണൂർ), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) എന്നിവരാണ് മരിച്ചത്.















