മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കണോ എന്ന കാര്യം ആലോചനയിലാണെന്ന് ശിവസേന(യുബിടി) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് തദ്ദേശം സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യത്തിനൊപ്പം ചേർന്ന് മത്സരിച്ച ശിവസേന ഉദ്ധവ് പക്ഷത്തിന് വലിയ തിരിച്ചടി നേരിട്ടിരുന്നു.
ഹിന്ദുത്വ അനുകൂല പ്രത്യയശാസ്ത്രത്തിൽ നിന്ന് പാർട്ടി അകന്നുവെന്ന ഏകനാഥ് ഷിൻഡെയുടെ പ്രസ്താവനയെ തിരുത്തുന്ന രീതിയിലുള്ള പ്രകടനം നടത്തണമെന്നും പാർട്ടി അംഗങ്ങളോട് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. അടുത്ത വർഷം ആദ്യമാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് തന്റെ വസതിയായ മാതോശ്രീയിൽ പാർട്ടി നേതാക്കളുമായി ഉദ്ധവ് സംവദിച്ചത്.
ഉദ്ധവ് പക്ഷം ശിവസേനയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കുന്നത് പാർട്ടിക്ക് ഗുണകരമാകില്ലെന്ന വിലയിരുത്തൽ ഉയർന്നതോടെയാണ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന കാര്യം ആലോചിക്കുമെന്ന് ഉദ്ധവ് പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലേയും പ്രകടനവും, പരാജയ കാരണവും വിലയിരുത്തുന്നതിന് പാർട്ടി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഏറ്റ കനത്ത പരാജയത്തിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും, എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും യുബിടിയുടെ നിയമസഭാ കക്ഷി നേതാവ് ആദിത്യ താക്കറെ പറഞ്ഞു. പരാജയകാരണം ഇവിഎമ്മുകളാണെന്ന കോൺഗ്രസ് പ്രചരണത്തെ തള്ളിയാണ് ആദിത്യ താക്കറെയുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തേണ്ടതിന്റെ ആവശ്യകതയും ആദിത്യ താക്കറെ എടുത്തുപറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ വ്യക്തമായ പദ്ധതികൾ തയ്യാറാക്കണമെന്നും പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ആദിത്യ താക്കറെ നിർദേശം നൽകി. ഇതിന് വേണ്ടി പാർട്ടി അംഗങ്ങൾക്കായി പ്രത്യേക കോൺക്ലേവുകൾ നടത്തുമെന്നും ആദിത്യ അറിയിച്ചു.