ശിശുക്ഷേമ സമിതിയിലെ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഒറ്റപ്പെട്ട സംഭവമെന്നാണ് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ സ്ഥിരം ശൈലിയിലാണ് അരുൺ ഗോപിയുടെയും പ്രതികരണം. സംഭവത്തെ പർവതീകരിച്ച് കാണെണ്ട കാര്യമില്ലെന്നും മാദ്ധ്യമങ്ങൾ പിന്നാലെ പായേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുൻ ജീവനക്കാരിയിലൂടെ ‘സുരക്ഷിത’മെന്ന് ബോർഡിൽ മാത്രം എഴുതി വച്ചിരിക്കുന്ന ഒരിടമാണ് ശിശുക്ഷേമ സമിതിയെന്ന് തെളിയിക്കപ്പെടുകയാണ്.
മൂന്ന് വർഷത്തോളം ജോലി ചെയ്ത താത്കാലിക ജീവനക്കാരിയാണ് ജനം ടിവിയോട് ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സ്ഥിരം നടക്കുന്ന പതിവാണിതെന്നും പ്രതികരിച്ചാലും മറ്റുള്ള ആയമാർ ചേർന്ന് അടിച്ചമർത്തുന്നതാണ് പതിവെന്ന് അവർ പറയുന്നു. അധികാരികളോട് പ്രശ്നത്തെ കുറിച്ച് പറഞ്ഞാലും നടപടികൾ സ്വീകരിക്കാറില്ലെന്ന് അവർ തുറന്നു പറഞ്ഞു.
ഒരു ദിവസം ആൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ അടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സംഭവം ചോദ്യം ചെയ്യുകയും അധികാരികളെ വിവരമറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആയമാരെല്ലാം തനിക്കെതിരെ തിരിഞ്ഞെന്നും അവർ പറഞ്ഞു. കുട്ടികളുടെ സ്വകാര്യഭാഗങ്ങളിലും ഉള്ളം കാലിലമാണ് കൂടുതലും അതിക്രമങ്ങൾ നടത്തുന്നത്. ദിവ്യാംഗരായ കുട്ടികളും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും അതിക്രമങ്ങൾക്ക് ഇരകളാണ്.
ഒരിക്കൽ ദിവ്യംഗയായ കുട്ടിയുടെ തുടയിൽ ചീപ്പ് വച്ച് അടിച്ചു. കുട്ടികളെ കുളിപ്പിക്കാനും മറ്റുമായി കൊണ്ടുപോകുന്ന സമയത്താണ് ഏറെയും അതിക്രമങ്ങൾ നടക്കുന്നത്. സിന്ധുവും മഹേശ്വരിയും ഇതിനും മുൻപും കുട്ടികളെ ദ്രോഹിച്ചിട്ടുണ്ടെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തി. ഇവരെ താത്കാലികമായി മാറ്റിയെങ്കിലും പുനർ നിയമനം നടത്തുകയായിരുന്നു. രാഷ്‌ട്രീയ പിൻബലത്തിലാണ് ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ തല്ലിചതയ്‌ക്കുന്നത്. കേരളം ഒന്നാകം അപമാനഭാരത്താൽ തല കുനിക്കുകയാണ്.















