തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിലേക്കെത്തിയ മധു മുല്ലശ്ശേരിയും മകൻ മിഥുൻ മുല്ലശേരിയും ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവർക്കും മെമ്പർഷിപ്പ് നൽകിയത്. മകൾ മാതു മുല്ലശേരി നേരത്തെ കോട്ടയത്തുനിന്നും അംഗത്വം സ്വീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനകളെ അപ്രസക്തമാക്കിക്കൊണ്ടാണ് ഡിവൈഎഫ്ഐ നേതാവായിരുന്ന മിഥുൻ ബിജെപിയിലേക്ക് എത്തിയിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഇവർക്കൊപ്പം മറ്റൊരു ഡിവൈഎഫ്ഐ അംഗവും ബിജെപി മെമ്പർഷിപ്പ് സ്വീകരിച്ചു. ഇനിയും സിപിഎമ്മിൽ നിന്നും നിരവധി പ്രവർത്തകർ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. “കൊല്ലം ആലപ്പുഴ പത്തനംതിട്ട എറണാകുളം ജില്ലകളിൽ നിന്ന് നിരവധി സിപിഐഎം പാർട്ടി മെമ്പർമാർ ബിജെപിയുമായി ആശയവിനിമയം നടത്തിയിരുന്നു. വരും ദിവസങ്ങളിൽ ലോക്കൽ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയലും പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളവർകമ്മ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് വരും” സുരേന്ദ്രൻ പറഞ്ഞു.
സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രസക്തി കേരളത്തിൽ അപ്രസക്തമാവുകയാണെന്നും പിണറായി വിജയന്റെ കാലത്തോടെ സിപിഎമ്മിന്റെ ഉദകക്രിയ നടക്കുമെന്നും അദ്ദേഹം പരിഹസിച്ചു. നയങ്ങളും നിലപാടുകളുമില്ലാത്ത പാർട്ടിയായി കമ്യൂണിസ്റ്റ് പാർട്ടി മാറിക്കഴിഞ്ഞു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് വൈകാതെ കേരളത്തിലുമുണ്ടാകും. സിപിഎം വിടുന്നവർ ആരും മറ്റ് പാർട്ടികളിലേക്ക് പോകാൻ താല്പര്യപ്പെടുന്നില്ല. അവർക്കുള്ള ഉചിതമായ തെരഞ്ഞെടുപ്പ് ബിജെപിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. നേരത്തെ ആലപ്പുഴ ജില്ലാപഞ്ചായത്ത് മുൻ ഉപാദ്ധ്യക്ഷൻ വിപിൻ സി ബാബുവും ബിജെപിയിൽ അംഗത്വമെടുത്തിരുന്നു.















