ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ആയുഷ് ഷാജിയുടെ സംസ്‌കാരം നടന്നു. പിതാവ് ഷാജിയുടെ കുടുംബ വീടായ നെല്ലൂർ വീട്ടുവളപ്പിലാണ് ആയുഷിന്റെ സംസ്കാരം നടന്നത്. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയാണ് ആയുഷിനും ചിതയൊരുക്കിയത്.
മെഡിക്കൽ കോളേജിലെ സഹപാഠികളും മറ്റ് സുഹൃത്തുക്കളും അടക്കം നൂറുകണക്കിന് ആളുകൾ സംസ്കാര ചടങ്ങിനെത്തി. ആയുഷിന്റെ കൂട്ടുകാരെയും ബന്ധുക്കളെയും കണ്ടതോടെ അച്ഛന്റെയും അമ്മയുടയും സങ്കടം അണപൊട്ടി.മദ്ധ്യപ്രദേശിൽ കിട്ടിയ എംബിബിഎസ് സീറ്റ് ഉപേക്ഷിച്ചാണ് ആയുഷ് ആലപ്പുഴ വണ്ടാനത്തെ മെഡിക്കൽ കോളേജിൽ അഡ്മിഷനെടുക്കുന്നത്. എംബിബിഎസ് പഠനത്തിനുശേഷം കേരളത്തിൽ തന്നെ നിൽക്കണമെന്നും പാവപ്പെട്ട ജനങ്ങളെ സേവിക്കണമെന്നുമായിരുന്നു ആയുഷിന്റെ ആഗ്രഹം. എന്നാൽ വിധി ആയുഷിനും കുടുംബത്തിനും കാത്തുവച്ചത് മറ്റൊന്നായിരുന്നു.
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയാണ് ആയുഷിന്റെ വിയോഗം. ഏകമകന്റെ ചേതനയറ്റ ശരീരത്തിനുമുന്നിൽ അലമുറയിട്ടുകരയുന്ന അച്ഛനെയും അമ്മയെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ നിസഹായരായി. രാവിലെ 9.30 ക്ക് സംസ്കാര ചടങ്ങുകൾ ആരംഭിച്ചതുമുതൽ നൂറുകണക്കിന് പേരാണ് ആയുഷിന് അന്ത്യാഞ്ജലി
അർപ്പിക്കാൻ നൂറുകണക്കിന് പേരാണ് കവലത്തെ വീട്ടിലേക്കെത്തിയത്. 11.15 ഓടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടവേര കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചത്.അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എടത്വ സ്വദേശി ആൽവിൻ ജോർജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്നു.















