കൊച്ചി: 17 കാരിയായ മകൾ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കത്തതിന്റെ പേരിൽ അമ്മയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് ഹെെക്കോടതി റദ്ദാക്കി. ആഴമുള്ള മുറിവിൽ മുളകുപൊടി വിതറുന്നതിന് സമമാണ് ഇത്തരം കേസുകളെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസ് എ ബദറുദ്ദീന്റേതാണ് ഉത്തരവ്
2021ലാണ് അമ്മയ്‌ക്കെതിരെ കേസെടുത്തത്. കേസ് നിലവിൽ തൃശൂർ അഡിഷണൽ ജില്ലാ കോടതിയുടെ പരിഗണനയിലാണ്. വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അമ്മയറിയുന്നത്. പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്.
മെഡിക്കൽ കോളേജിൽ ചികിത്സ തേടാൻ ഡോക്ടർ നിർദേശിച്ചെങ്കിലും ഇവർ മറ്റൊരു സ്വകാര്യ ആശുപത്രിലേക്ക് പോകുകയായിരുന്നു. പീഡനത്തിന് ഇരയാക്കിയ ആൾ ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമായാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.