കൊച്ചി: ആത്മീയതയുടേയും ഭക്തിയുടെയും സാഹിത്യരചനകൾ കേരളത്തിൽ നവോത്ഥാനത്തിന് ആക്കം കൂട്ടിയെന്ന് പ്രൊഫ. എം.കെ.സാനു. ആത്മീയതയുടെയും, ഭക്തിയുടെയും മണ്ഡലത്തിലൂടെ ജനമനസ്സുകളെ ഉയർത്തി ഒരു നവോത്ഥാന കേരളത്തിന്റെ സൃഷ്ടി സാധിച്ചെടുത്തത് ശ്രീനാരായണ ഗുരുവായിരുന്നു എന്നും പ്രൊഫ.എം.കെ.സാനുമാസ്റ്റർ പറഞ്ഞു. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ ദക്ഷിണേന്ത്യൻ സാഹിത്യത്തിലെ ഭക്തിപ്രസ്ഥാനങ്ങളുടെ സ്വാധീനം എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ ആദ്യ കൃതികൾ എല്ലാം ദേവി, സുബ്രഹ്‌മണ്യൻ, ഗണപതി എന്നീ ദേവതകളെ സ്തുതിച്ചു കൊണ്ടുള്ളതായിരുന്നു. ഇതെല്ലാം തന്നെ ജനമസുകളിൽ ആത്മീയമായ ഉണർവ് ഉണ്ടാക്കാൻ വേണ്ടിയായിരുന്നു. ഭക്തിയും, ആത്മീയതയുമായ ഉണർവുകളും, ഭാവനയോടെ കലർന്നുനിൽക്കുന്ന കൃതികൾക്ക് ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കാൻ സാധിക്കും. യുക്തിവാദത്തിന്റെ മണ്ഡലത്തിൽ വച്ച് നടത്തുന്ന രചനകളെ അപേക്ഷിച്ച് എത്രയോ അധികം ഹൃദയസ്പർശിയാണ് ഭക്തിയുടെയും ആത്മീയതയുടെയും സ്പർശമുള്ള രചനകൾ എന്ന് സാനുമാസ്റ്റർ ചൂണ്ടിക്കാട്ടി.
തുഞ്ചത്തെഴുത്തച്ചന് ചരിത്ര സന്ധിയിൽ കഴിയാതെ പോയ ജാതിക്കെതിരെയുള്ള പോരാട്ടം ഭക്തി സാഹിത്യത്തിലൂടെയും നവോത്ഥാന പ്രവർത്തനത്തിലൂടെയും ഏറ്റെടുക്കുകയായിരുന്നു ഗുരുദേവൻ എന്ന് സാനുമാഷ് കൂട്ടിചേർത്തു. ചൂഷണത്തിനും, കച്ചവടത്തിനും, സമ്പത്ത് സ്വരൂപിക്കാനുമുള്ള മാർഗമായി ഇന്ന് ഭക്തിയെ അധഃപതിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇതിനെതിരെ ശക്തമായി നിലകൊള്ളാനാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ശ്രമമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി മലയാളം അഡൈ്വസറി ബോർഡ് കൺവീനർ കെ. പി. രാമനുണ്ണി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ആദ്യത്തെ വിപ്ലവ പ്രസ്ഥാനം എന്നോ, വിമോചന പ്രസ്ഥാനം എന്നോ ഭക്തി സാഹിത്യത്തെ വിളിക്കാവുന്നതാണ്. തമിഴകത്ത് ആറാം നൂറ്റാണ്ടിൽ ആണ് ഭക്തി പ്രസ്ഥാനം ഉടലെടുത്തത്. ആ പ്രസ്ഥാനത്തിന്റെ രചനകളും പ്രവർത്തികളും ഇന്ത്യ ഒട്ടാകെ പ്രചരിക്കുകയും ചെയ്തു. 12-ാം നൂറ്റാണ്ടിൽ ആണ് ഉത്തരേന്ത്യയിൽ ഭക്തിപ്രസ്ഥാനം ശക്തിയായി പ്രചരിച്ചത്. ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനങ്ങൾക്കും, ഉത്തരേന്ത്യയിലെ ഭക്തി പ്രസ്ഥാനങ്ങൾക്കും സാദൃശ്യങ്ങൾ ഉണ്ട്. അതുപോലെ ചരിത്രപരമായ വ്യത്യാസവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ സംബന്ധിച്ച് തുഞ്ചെത്തെഴുത്തച്ഛൻ, ശ്രീനാരായണ ഗുരുദേവൻ എന്നീ ആചാര്യശ്രേഷ്ഠൻമാരാണ് ഭക്തിയുടെയും, ആത്മീയതയുടേയും മാർഗത്തിലൂടെ ജനങ്ങളെ ഉദ്ധരിച്ച് ഉണർത്തി ആത്മവിശ്വാസം ഉണ്ടാക്കി കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതി നാമങ്ങൾക്ക് അതീതമായി മനുഷ്യനും മനുഷ്യനും തമ്മിലുള്ള സമത്വത്തിനാണ് എഴുത്തച്ഛനും, ഗുരുദേവനും ഉൾപ്പെടെ ഉള്ളവർ ശ്രമിച്ചത്. എഴുത്തച്ഛൻ തന്റെ കളരിയിൽ മേലാളൻ കീഴാളൻ എന്ന ഭാവഭേദമില്ലാതെ ലോകത്തിന്റെ വിമോചനത്തിനായി, മനുഷ്യന്റെ നന്മക്കായി കാലാതിവർത്തികളായ ഭക്തി രചനകളെ സൃഷ്ടിച്ചു. അതിനു ശേഷം ഗുരുദേവൻ അതിന് കൂടുതൽ ഊർജ്ജം പകർന്നു എന്നും രാമനുണ്ണി കൂട്ടിച്ചേർത്തു.
സെമിനാറിൽ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ. ശ്രീനിവാസ റാവു, തമിഴ് സാഹിത്യകാരൻ ഡോ.ആർ.താമൊതരൻ, കന്നഡ സാഹിത്യകാരൻ ഡോ.ബസവരാജ കൽഗുഡി, ഡോ.ഹെപ്‌സി റോസ് മേരി, പ്രൊഫ ഗുരുപാദ മാരിഗുഡി, തെലുഗു സാഹിത്യകാരി ഡോ.സി മൃണാളിനി, ഡോ.സാബു കോട്ടുക്കൽ, പ്രൊഫ രാമലു പിളളളമാരി, ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ, ആർ. രഘുരാജ്, എന്നിവർ സംസാരിച്ചു.