ലക്‌നൗ: സംഭാലിൽ അക്രമസംഭവങ്ങൾ നടന്ന ഇടത്ത് നിന്ന് വിദേശ നിർമിത വെടിയുണ്ടകൾ കണ്ടെടുത്തതായി ഉത്തർപ്രദേശ് പൊലീസ്. അമേരിക്കൻ നിർമ്മിത വെടിയുണ്ടകളാണിത്. പ്രദേശത്ത് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെടുത്തതെന്ന് സംഭാൽ പൊലീസ് സൂപ്രണ്ട് കൃഷൻ കുമാർ ബിഷ്‌ണോയ് പറഞ്ഞു. കാട്രിഡ്ജ് കെയ്‌സുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
നേരത്തെ പാക് നിർമ്മിത വെടിയുണ്ടകളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. നിലവിൽ സംഭാലിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മുൻകരുതലെന്ന നിലയിൽ വിവിധ സുരക്ഷാ ഏജൻസികളെ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മേഖലയിൽ ഡ്രോൺ നിരീക്ഷണവും പരിശോധനയും വരും ദിവസങ്ങളിലും തുടരും. സംഘർഷം നടന്ന പല സ്ഥലങ്ങളിലും പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. അതേസമയം പാക്, യുഎസ് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സാഹചര്യത്തിൽ യുപി പൊലീസ് എൻ ഐഎയുടെ സഹായം തേടിയിരുന്നു. സംഘർഷത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും, മെയ്ഡ് ഇൻ യുഎസ്എ എന്ന് അടയാളപ്പെടുത്തിയ വെടിയുണ്ടകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് എഎൻഐയുടെ സഹായം തേടുന്നതെന്നും കൃഷ്ണ കുമാർ ബിഷ്‌ണോയ് വ്യക്തമാക്കി.