നോയിഡ : ഗ്രാമത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തിയ പുള്ളിപ്പുലിയുടെ പിടികൂടി നാട്ടുകാർ . ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ലാൽപൂർ ഗ്രാമത്തിലാണ് സംഭവം . പലപ്പോഴും ഇവിടെ പുലി ഇറങ്ങാറുണ്ട്. വനം വകുപ്പ് ഏറെ പണിപ്പെട്ടിട്ടും, വേട്ടക്കാർ വന്നിട്ടും പുലിയെ പിടിക്കാനായില്ല. ഇതിനിടെയാണ് നാട്ടുകാർ കെണിവച്ച് പുലിയെ കുടുക്കിയത്.ഈ സംഭവത്തിന്റെ മുഴുവൻ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ പിടിയിലായ പുലിയെ നാട്ടുകാർ കൈകാര്യം ചെയ്ത രീതി ഏറെ വിമർശനങ്ങൾക്കിടയാക്കി . യുവാക്കളിൽ ചിലർ പുലിയുടെ കഴുത്തിൽ അമർത്തിപ്പിടിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. മറ്റുചിലർ പുള്ളിപ്പുലി രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കാലിൽ പിടിച്ചു.പുള്ളിപ്പുലി വളരെ ഭയന്ന് അവശനായ നിലയിലായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി . പുലിയെ സുരക്ഷിത കേന്ദ്രത്തിലേയ്‌ക്ക് മാറ്റി . ഗ്രാമവാസികൾ പുള്ളിപ്പുലിയുമായി നടക്കുന്ന വീഡിയോ നിരവധി മൃഗസ്നേഹികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.