മലപ്പുറം: കാൽനടയാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി അപകടം. മലപ്പുറം വളാഞ്ചേരിയിലാണ് അപകടമുണ്ടായത്. കാട്ടിപ്പരുത്തി സ്വദേശി സുബ്രഹ്മണ്യന്റെ കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്. അപകടത്തിൽ സുബ്രഹ്മണ്യന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുബ്രഹ്മണ്യന്റെ പുറകിലൂടെ അതേ ദിശയിൽ നിന്നെത്തിയ ബസ് ഇടത്തേക്ക് തിരിഞ്ഞ് സ്റ്റാൻഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബസിന്റെ മുൻഭാഗം തട്ടിയതോടെ സുബ്രഹ്‌മണ്യൻ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. ഇയാളുടെ കാലിലൂടെ കയറിയിറങ്ങിയാണ് ബസ് നിന്നത്. കാൽനട യാത്രക്കാർ സ്റ്റാൻഡിലേക്കുളള വഴി മുറിച്ചു കടക്കുന്നത് ശ്രദ്ധിക്കാതെ അശ്രദ്ധയോടെയാണ് ബസ് ഡ്രൈവർ വാഹനം തിരിച്ചതെന്ന് വ്യക്തമാണ്.
ബസിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് സുബ്രഹ്നണ്യന് ഉടൻ ആശുപത്രിയിലെത്തിച്ചു. തെറ്റായ ദിശയിലൂടെ ബസ് സ്റ്റാൻഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.















