ദിവസവും പഴങ്ങൾ കഴിക്കുന്നത് ശരീരത്തിനേറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. എല്ലാ പഴങ്ങളിലും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്സിഡൻ്റുകൾ, നാരുകൾ തുടങ്ങിയവയാൽ സമ്പന്നമാണ്. ശരീരത്തിന് വേണ്ടതെല്ലാം ഉറപ്പുവരുത്താൻ പഴങ്ങൾ ധാരാളം. എന്നാൽ പഴങ്ങൾ അധികം കഴിക്കുന്നതും പണി തരുമെന്ന കാര്യമോർക്കണം.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ, ലോകാരോഗ്യസംഘടന തുടങ്ങിയവയുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യമുള്ള ഒരാൾ പ്രതിദിനം പരമാവധി ഒന്നര മുതൽ രണ്ട് കപ്പ് വരെ പഴങ്ങൾ കഴിക്കാം. രണ്ട് ആപ്പിളിന് സമാനമാണിത്. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് എന്ന പ്രകൃതിദത്ത പഞ്ചസാര ഭാരം കൂട്ടാനും പ്രമേഹം, പാൻക്രിയാസ്, വൃക്ക രോഗങ്ങൾ എന്നിവയ്‌ക്കും കാരണമാകും. ദന്തക്ഷയത്തിനും രക്തസമ്മർദ്ദം യൂറിക് ആസിഡ് എന്നിവ കൂടാനും കാരണമാകും.
ഫ്രക്ടോസ് ശരീരത്തിൽ അമിതമായി എത്തിയാൽ കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനും കാരണമാകും. ഇതിന് പുറമേ വിറ്റാമിൻ ബി12, കാൽസ്യം, വിറ്റാമിൻ ഡി, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവുണ്ടാകാനും പഴങ്ങൾ അധികമായി കഴിക്കുന്നത് കാരണമാകും.
എന്നാൽ പഴങ്ങൾ മിതമായി കഴിക്കുന്നത് ശരീരത്തിന് എല്ലായ്പ്പോഴും ഗുണം ചെയ്യും. പഴങ്ങളുടെ നിറം നോക്കി അതിലെ ഗുണങ്ങളുമറിയാൻ കഴിയും. ചുവന്ന പഴങ്ങളിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചെറി, സ്ട്രോബെറി, മാതളനാരങ്ങ, ചുവന്ന ആപ്പിൾ, തണ്ണിമത്തൻ ഒക്കെ ഉദാഹരണം. ആപ്രിക്കോട്ട്, മാമ്പഴം, ഓറഞ്ച്, പപ്പായ തുടങ്ങിയ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പഴങ്ങളിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു.
വെള്ള നിറത്തിലുള്ള പഴങ്ങളിൽ കൂടുതൽ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു, വാഴപ്പഴം ഉദാഹരണം. അവക്കാഡോ, പച്ച ആപ്പിൾ, മുന്തരി, കിവി തുടങ്ങിയ പച്ച നിറത്തിലുള്ള പഴങ്ങളിൽ വിറ്റാമിൻ കെയും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ബ്ലൂബെറി, പ്ലം, ഉണക്കമുന്തിരി തുടങ്ങിയ നീല നിറത്തിലുള്ള പഴങ്ങൾ ഓർമശക്തി, ദഹനം, വൃക്ക എന്നിവയെ സംരക്ഷിക്കുന്നു.