ആരാധകരുടെ ആകാംക്ഷകൾക്ക് മൂർച്ചകൂട്ടി ബറോസ് ടീം. ബറോസിന് വേണ്ടി കാത്തിരിക്കുന്നവർക്ക് ഒരു ആർട്സ് മത്സരം സംഘടിപ്പിക്കുകയാണ് മോഹൻലാലും സംഘവും. ബറോസ് കലാമത്സരം എന്ന് അടിക്കുറിപ്പോടെ മോഹൻലാലാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഫെയ്സ്ബുക്കിന്റെ കവർപേജും മോഹൻലാൽ മാറ്റിയിരിക്കുകയാണ്.
മത്സരത്തിൽ വിജയിക്കുന്നവർക്ക് വലിയ സമ്മാനങ്ങളും ബറോസ് ടീം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ബറോസിന്റെ ലോകത്തേക്ക് നിങ്ങൾക്ക് സ്വാഗതം. നിങ്ങളുടെ കഴിവുകൾ പ്രകടപ്പിച്ച് സമ്മാനങ്ങൾ നേടാം’ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപയും മോഹൻലാലിനെ നേരിട്ട് കാണാനുള്ള സുവർണാവസരവും ലഭിക്കും. രണ്ടാം സമ്മാനം നേടുന്നയാൾക്ക് 50,000 രൂപയും മോഹൻലാലിന്റെ ഓട്ടോഗ്രാഫുമാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനം 25,000 രൂപയാണ്.
#BarrozArtContest എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് നിങ്ങളുടെ എൻട്രികൾ അപ്‌ലോഡ് ചെയ്യുക. ബറോസ് ആർട്സ് മത്സരത്തിന്റെ വിശദവിവരങ്ങൾ https://bit.ly/4g35p4o എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇന്ന് മുതലാണ് എൻട്രികൾ ക്ഷണിക്കുന്നത്. ഡിസംബർ 31-നാണ് അവസാന തീയതി. ജനുവരി പത്തിനായിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്. നിങ്ങളുടെ ഭാവനകളും സർഗാത്മകതയും ഉയരട്ടെയെന്നും നിങ്ങളുടെ കലാസൃഷ്ടിയിലൂടെ ബറോസിന് ജീവൻ നൽകൂവെന്നും മോഹൻലാലിന്റെ പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന് പിന്നാലെ ആശംസകളുമായി ആരാധകരും എത്തി. ലാലേട്ടന്റെ സ്വപ്നമായ ബറോസ് വൻ വിജയമായിരിക്കുമെന്നും അതിരില്ലാത്ത പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതെന്നും ആരാധകർ കമന്റ് ബോക്സിൽ കുറിച്ചു.