തിരുവനന്തപുരം: സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തമെന്ന പരാമർശത്തിനെതിരെ വിമർശനം ഉന്നയിച്ച ‘ആത്മ’യ്‌ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. സദുദ്ദേശ്യത്തോടെ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നാണ് പ്രേംകുമാറിന്റെ വിശദീകരണം. കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന നിലപാടാണ് ആത്മയുടേതെന്നും പ്രേംകുമാർ വിമർശിച്ചു. എൻഡോസൾഫാൻ പരാമർശം ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെബി ഗണേഷ് കുമാർ ആത്മയുടെ പേരിൽ പ്രേംകുമാറിന് തുറന്ന കത്ത് അയച്ചിരുന്നു. ഇതിനാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
താൻ സീരിയൽ വിരുദ്ധനല്ല, സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. സിനിമ-സീരിയൽ മേഖലയേയോ ഏതെങ്കിലും സംഘടനയേയോ മോശം പറഞ്ഞിട്ടില്ലെന്നും ആത്മയ്‌ക്ക് എഴുതിയ തുറന്ന കത്തിൽ പ്രേംകുമാർ മറുപടി നൽകി. താൻ കൂടി അംഗമായ ആത്മ സംഘടനയിലെ ഏതെങ്കിലും ഒരംഗത്തിന്റെ അഭിനയം മോശമാണെന്ന് പറഞ്ഞിട്ടില്ലെന്നും പ്രേംകുമാർ പറഞ്ഞു.
സീരിയലിന്റെ മൂല്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. അല്ലാതെ ആരുടെയും അഭിനയത്തെ തരംതാഴ്‌ത്തിയിട്ടില്ല. ചില സിനിമകൾ, ചില സീരിയലുകൾ, ചില സാഹിത്യ സൃഷ്ടികൾ, ചില നാടകങ്ങൾ എന്നിങ്ങനെ, ‘ചില’ എന്ന പ്രത്യേക പദം ഉപയോഗിച്ചാണ് താൻ വിമർശനം ഉന്നയിച്ചത്. ഇക്കാര്യത്തിൽ തുറന്ന ചർച്ചയാണ് ആവശ്യം.
കയ്യടികൾക്ക് വേണ്ടിയാണ് താൻ വിമർശിച്ചതെന്ന് ആത്മ പറയുന്നു, താൻ പറയുന്ന കാര്യങ്ങൾക്ക് ജനം കയ്യടിക്കുമെന്ന് ആത്മയ്‌ക്ക് ഉറപ്പായതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ആരോഗ്യകരമായ മാറ്റം സീരിയലുകളിൽ ആവശ്യമാണ്. അത്തരം സദുദ്ദേശ്യപരമായ നിലപാടിൽ നിന്നാണ് പത്ത് വർഷം മുൻപ് താൻ ഇക്കാര്യം പറഞ്ഞത്. അതേ നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്നും പ്രേംകുമാർ വ്യക്തമാക്കി.















