എറണാകുളം: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. കൊച്ചി കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മധുവാണ് പിടിയിലായത്. കോർപ്പറേഷന്റെ പള്ളുരുത്തി സോണൽ ഓഫീസിന് സമീപത്തായിരുന്നു സംഭവം.
കെട്ടിട പെർമിറ്റ് സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞാണ് മധു കൈക്കൂലി വാങ്ങിയത്. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയായിരുന്നു. നേരത്തെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പള്ളുരുത്തിയിലെ ഓഫീസിലെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മധുവിൽ നിന്നും പണം കണ്ടെത്തുകയായിരുന്നു. ഇയാൾക്ക് പുറമെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനു, കോർപ്പറേഷൻ ജീവനക്കാരൻ ജോൺ എന്നിവരെയും വിജിലൻസ് പിടികൂടി.
മൂന്നു പേർക്കുമായി 50,000 രൂപയാണ് ഇവർ പരാതിക്കാരോട് ആവശ്യപ്പെട്ടിരുന്നത്. മൊബൈൽ ആക്‌സസറീസിന്റെ ഗോഡൗൺ നിർമിക്കുന്നതിനായുള്ള പെർമിറ്റ് സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടത്. ഇതോടെ പരാതിക്കാർ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി വിജിലൻസ് അറിയിച്ചു.