ആലപ്പുഴ: ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ പിതാവ് അനീഷ് മുഹമ്മദ്. തുടർചികിത്സ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നും ആരോഗ്യവകുപ്പിൽ നിന്ന് ഇതുവരെ തീരുമാനങ്ങളൊന്നും അറിയിച്ചില്ലെന്നും പിതാവ് അനീഷ് മുഹമ്മദ് പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജ് ആലപ്പുഴയിൽ എത്തിയിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം വേദനയോടെ കൂട്ടിച്ചേർത്തു.
“ആരോഗ്യമന്ത്രി ആലപ്പുഴയിൽ വന്നിട്ട് ഒന്ന് വിളിച്ചില്ല, ഇങ്ങോട്ട് തിരിഞ്ഞും നോക്കിയില്ല. അതിൽക്കൂടുതൽ എന്ത് പറയാനാ. ആലപ്പുഴയിൽ വന്നിട്ട് വരാത്ത മന്ത്രി ഇനി വരുമോ? ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് ഇതുപോലെ ഒരു അനാസ്ഥ ഉണ്ടാകരുത്. അങ്ങനെ അനാസ്ഥ നേരിട്ടതിന്റെ അവസാനത്തെ ഇര ഞങ്ങളാകണം. ലാബുകൾ പൂട്ടിയത് മാത്രമാണ് ഇതുവരെ എടുത്ത നടപടി. അതും സ്കാനിംഗ് സെന്റർ മാത്രം. റെക്കോർഡ് സൂക്ഷിച്ചില്ലെന്ന് കാണിച്ചാണ് അത് പൂട്ടിച്ചതുതന്നെ. ഡോക്ടർമാരുടെ സംഘടനയൊക്കെ വലുതാണ്. അവരെ ആരോഗ്യവകുപ്പ് സംരക്ഷിക്കുകയും ചെയ്യുന്നു”- അനീഷ് പറഞ്ഞു.
ജോലിക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യമാണ്. തീരുമാനം വൈകിയാൽ സമരത്തിലേക്ക് കടക്കുകയല്ലാതെ മറ്റ് മാർഗമില്ല. വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയോ ഇല്ലയോ എന്നു പോലും അറിയിച്ചിട്ടില്ല. ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ഇത്രയും ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാരുടെ പേരിൽ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണ്? ആരോപണവിധേയരായ ഡോക്ടർമാരെ സർക്കാർ സംരക്ഷിക്കുകയാണ്. വിഷയത്തിൽ ആരോഗ്യമന്ത്രിയും ഡിഎംഒയും ഇടപെട്ട് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും അനീഷ് മുഹമ്മദ് വ്യക്തമാക്കി.
ആലപ്പുഴ ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികൾക്കാണ് ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചത്. നവംബർ എട്ടിനായിരുന്നു പ്രസവം. ഗർഭകാലത്ത് നടത്തിയ സ്കാനിംഗുകളിൽ ഒന്നും കുഞ്ഞിന്റെ വൈകല്യത്തെക്കുറിച്ച് ഡോക്ടർമാർ അറിയിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും സ്ഥാനംമാറിയാണുള്ളത്. വായ തുറക്കില്ല, കൈകാലുകൾക്ക് വളവ് തുടങ്ങി ഒട്ടേറ ഗുരുതര വൈകല്യങ്ങൾ കുഞ്ഞിനുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ഡോക്ടർമാർക്ക് ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് പറയുന്നത്. സുറുമിയുടെ ആദ്യ സ്‌കാനിംഗിൽ കുഞ്ഞിനുണ്ടായ വൈകല്യം കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കുടുംബം സമരത്തിനൊരുങ്ങുന്നത്.















