സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് അടിവയറിൽ അമിതമായുണ്ടാകുന്ന കൊഴുപ്പ്. വ്യായാമം ചെയ്തും പട്ടിണി കിടന്നുമൊക്കെ ഇത് കുറയ്‌ക്കാനുള്ള ശ്രമങ്ങൾ പലരും നടത്താറുണ്ട്. കൃത്യമായി ഡയറ്റ് എടുക്കുന്നവർക്കും ഡയറ്റീഷ്യനെ കണ്ട് മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നവർക്കും ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിക്കുന്നില്ലെന്നതും പ്രധാനമാണ്. കാരണം, ഡയറ്റിനൊപ്പം ചെയ്യേണ്ട വ്യായാമം, കൃത്യമായ ആഹാരക്രമീകരണം, കഴിക്കേണ്ട ആഹാരങ്ങൾ എന്നിവയും പ്രത്യേകം ശ്രദ്ധിച്ചാൽ മാത്രമേ അടിവയറിലെ കൊഴുപ്പ് കുറയ്‌ക്കാനാകൂ.
അടിവയറ്റിലെ കൊഴുപ്പ് കളയാൻ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മുട്ട
എല്ലാ ദിവസും രാവിലെ മുട്ട കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുന്നു. കാരണം, കലോറി വളരെ കുറവായതിനാൽ ഇത് അടിവയറ്റിലുണ്ടാകുന്ന കൊഴുപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. മുട്ട വേവിച്ച് കഴിക്കുന്നതാണ് നല്ലത്.
തൈര്
പൊതുവെ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. 100 ഗ്രാം തൈരിൽ 56 ഗ്രാം കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇത് രാവിലെ കഴിക്കുന്നത് കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു.
ഓട്സ്
ഹൈ പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണമാണ് ഓട്സ്. ഇത് വിശപ്പ് നിയന്ത്രിക്കുകയും അതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
നട്സുകൾ
നട്സുകളിൽ നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ എല്ലാ ദിവസവും നട്സ് കഴിക്കുന്നത് കൊഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പഴങ്ങൾ
കിവി, അവക്കാഡോ, പൈനാപ്പിൾ, തണ്ണിമത്തൻ എന്നീ പഴവർഗങ്ങൾ രാവിലെ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതോടൊപ്പം കൊഴുപ്പ് പുറന്തള്ളാനും സഹായിക്കുന്നു.